മൂവാറ്റുപുഴ: പായിപ്ര മാനാറി ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിരേ പ്രദേശവാസികൾ നടത്തിവന്ന പ്രതിഷേധസമരം വിജയം. 11 കെവി ലൈൻ നിയമവിരുദ്ധമായി ചില വ്യവസായ സ്ഥാപനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരിക്കുന്ന എബി ലൈൻ ജനങ്ങൾക്ക് വൈദ്യുതി നിഷേധിക്കുകയാണെന്ന് എഐവൈഎഫ് ആരോപിച്ചിരുന്നു.
എബി ലൈൻമൂലം ജനങ്ങൾക്ക് വൈദ്യുതി നിഷേധിക്കുകയും വൻകിടക്കാരെ സഹായിക്കുകയും ചെയ്യുന്ന നിലപാട് എടുക്കുകയും സർക്കാർ നിലപാടുകൾക്ക് വിരുദ്ധമായി നിലപാടുകൾ സ്വീകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ടും എഐവൈഎഫ് നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. മാനം ഇരുണ്ടാൽ പായിപ്ര, മാനാറി പ്രദേശങ്ങൾ ദിവസങ്ങളോളം ഇരുട്ടിലാകുന്ന അവസ്ഥയായിരുന്നു.
ചെറിയ കാറ്റടിക്കുന്പോഴേക്കും വൈദ്യുതി ഇല്ലാതാകുന്നതോടെയാണ് മാനാറി, പായിപ്ര പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ഇരുട്ടിലാകുന്നത്. നിരവധി പ്ലൈവുഡ് കന്പനികളും ക്രഷറുകളും പ്രവർത്തിക്കുന്ന പ്രദേശത്ത് കന്പനികൾക്ക് തടസങ്ങളില്ലാതെ വൈദ്യുതി ലഭിക്കുന്പോൾ സാധാരണക്കാർക്ക് വൈദ്യുതി നിഷേധിക്കുന്ന നിലപാടിനെതിരേ വൻപ്രതിഷേധമാണുയരുന്നത്.
പായിപ്ര -മാനാറി പ്രദേശങ്ങളിലെ 1.5 കിലോമീറ്ററിനുള്ളിലെ ട്രാൻസ്ഫോർമറുകളിൽ എട്ട് സ്ഥലത്ത് എബി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിൽ പായിപ്ര ഏനാലിക്കുന്നിലെ ട്രാൻസ്ഫോമറിൽനിന്നു പ്ലൈവുഡ് കന്പനിക്ക് വൈദ്യുതി ലഭിക്കുന്നതിനാൽ വോൾട്ടേജ് ക്ഷാമമോ വൈദ്യുതി തകരാറോ സംഭവിച്ചാൽ ഇവിടെയുള്ള എബി ഓഫ് ചെയ്യുന്നതോടെ പായിപ്ര, മാനാറി പ്രദേശം ഇരുട്ടിലാകുകയും കന്പനി പ്രവർത്തിക്കുകയും ചെയ്യും.
ഇവിടെയുള്ള എബി റദ്ദാക്കണമെന്ന ആവശ്യം ബോർഡ് അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഒടുവിൽ പായിപ്ര സൊസൈറ്റിപ്പടിയിൽ 11 കെവി ലൈനിൽ എബി പുനഃസ്ഥാപിച്ചതോടെ പ്രദേശത്തെ വൈദ്യുതി മുടക്കത്തിന് പരിഹാരമാവുകയാണ്.