കുന്നംകുളം: കുഴൽകിണറിൽ വീണ് മരിച്ച തിരുച്ചിറപ്പിള്ളിയിലെ സുജിത്തിന്റെ അനുഭവം ഇനി ആർക്കും ഉണ്ടാകരുത്. കുറച്ച് സമയം കൂടുതൽ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ ആ കുട്ടിയെ രക്ഷിക്കുമായിരുന്നു. അതിനുള്ള സാങ്കേതിക വിദ്യയുമായാണു കുട്ടിശാസ്ത്രജ്ഞർ കുന്നംകുളത്ത് ആരംഭിച്ച ശാസ്ത്രോത്സവത്തിനെത്തിയിരിക്കുന്നത്.
ആലുവ വാഴക്കുളം ഗവ. ഹൈസ്കൂളിലെ ശിവദേവ് മനുവും സൂര്യ ജോസും ചേർന്നാണു കുഴൽകിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കാൻ പുതിയ റോബോട്ടിനു രൂപം നൽകിയിരിക്കുന്നത്. ബോർവെൽ റെസ്ക്യൂ റോബോട്ട് എന്ന പേരിലുള്ള സംവിധാനമുപയോഗിച്ച് എത്ര ആഴത്തിൽ വീണുകിടക്കുന്ന കുട്ടികളെയും ജീവനോടെ രക്ഷിക്കാൻ കഴിയുമെന്നു കുട്ടികൾ പറയുന്നു.
വീലുകളുള്ള റോബോട്ടിന്റെ അറ്റത്ത് കൈകൾ പോലെ കുട്ടിയെ പിടിക്കാനുള്ള സംവിധാനമാണുള്ളത്. കൂടാതെ കാമറയും ഘടിപ്പിച്ചിട്ടുണ്ട്. കുട്ടിയെ കാണാനും സംസാരിക്കാനും സാധിക്കും. റോബോട്ട് ഇറക്കുന്പോൾ സ്ക്രീനിൽ ഉള്ളിലെ സംഭവങ്ങൾ കാണാനാകും. റിമോട്ട് കണ്ട്രോളിലാണ് ഇതിന്റെ നിയന്ത്രണം.
ഒന്നര ലക്ഷം രൂപയുണ്ടെങ്കിൽ ഇത്തരം റോബോട്ട് സംവിധാനം നിർമിക്കാനാകുമെന്നു ശിവദേവും സൂര്യ ജോസും പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരത്തിലുള്ള റോബോട്ട് നിർമിക്കുന്നതിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇ- മെയിൽ ചെയ്തിട്ടുണ്ട്.
സർക്കാർ സഹായമുണ്ടെങ്കിൽ ഈ സംവിധാനം നിർമിച്ച് കുഴൽകിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കാനാകും. കേരളത്തിൽ അധികം കുഴൽ കിണറുകളില്ലെങ്കിലും വെള്ളത്തിന്റെ കുറവ് കൂടി വരുന്നതിനാൽ ഭാവിയിൽ കുഴൽകിണറുകളുടെ എണ്ണം കൂടിവരുന്നതു കണ്ടാണ് ഇത്തരത്തിലൊരു സംവിധാനം നിർമിക്കാൻ തീരുമാനിച്ചതെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികളുടെ പുതിയ കണ്ടുപിടിത്തത്തിന് ഹൈസ്കൂൾ വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഇവർ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.