അമ്മയുമായി വഴക്കിടുന്ന കൊച്ചു കുട്ടികള്‍ അടുത്തെവിടെയെങ്കിലും ഒളിച്ചിരിക്കാറാണ് പതിവ്.
എന്നാല്‍ അമ്മ വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന് അമ്മയെക്കുറിച്ച് പരാതി പറയാന്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് 130 കിലോമീറ്റര്‍ സൈക്കളില്‍ ഒറ്റയ്ക്കു സഞ്ചരിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു പതിനൊന്നുകാരന്.
ചൈനയിലാണ് സംഭവം നടന്നത്. ഏകദേശം 24 മണിക്കൂര്‍ എടുത്താണ് ഈ ബാലന് ഇത്രയധികം ദൂരം സഞ്ചരിച്ചത്.
എക്സ്പ്രസ്സ് വേ ടണലില്‍ ക്ഷീണിതനായി കണ്ട കുട്ടിയെ വഴിയാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. ഇവരാണ് വഴിയില്‍ ഒറ്റയ്ക്കായ കുട്ടിയെപ്പറ്റിയുള്ള വിവരം അധികൃതരെ അറിയിച്ചത്.
അമ്മയുമായി വഴക്കിട്ട ബാലന് തന്റെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോകാനായാണ് ഇറങ്ങിയത്. മേയ്ജിംഗിലാണ് കുട്ടിയുടെ മുത്തശ്ശിയുടെ വീട്.
സൈന്‍ ബോര്‍ഡുകളും സിഗ്നലുകളും മറ്റും ഉപയോഗിച്ചാണ് ഈ പതിനൊന്നുകാരന് വഴി കണ്ടെത്തിയത്.
രാത്രിയില്‍ വെള്ളവും ബ്രഡും കഴിച്ച് വിശപ്പടക്കുകയും ചെയ്തു. നിരവധി തവണ കുട്ടിയ്ക്ക് വഴി തെറ്റിയിരുന്നു. പിന്നീടാണ് ശരിയായ ദിശയിലേക്ക് കുട്ടി സൈക്കിളോടിച്ച് എത്തിയത്.
കുട്ടിയെ കണ്ടെത്തിയ പോലീസുകാര്‍ വരെ പതിനൊന്നുകാരന്റെ സാഹസിക യാത്ര കേട്ട് ഞെട്ടിത്തരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുട്ടിയെ സ്റ്റേഷനിലേക്ക് പൊലീസുകാര്‍ എത്തിച്ചു. വൈകുന്നേരത്തോടെ കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും എത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അതേസമയം വഴക്കിന് ശേഷം താന്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുമെന്ന് കുട്ടി പറഞ്ഞിരുന്നതായി അമ്മ സമ്മതിച്ചു.
എന്നാല്‍ തന്നെ ഭീഷണിപ്പെടുത്താന്‍ കുട്ടി വെറുതെ പറയുന്നതാകും എന്നാണ് ആദ്യം കരുതിയതെന്നും അമ്മ പറഞ്ഞു.