മരണം വരെയും മനുഷ്യന് ഒരു വിദ്യാര്‍ഥിയാണെന്നാണ് പണ്ട് ഐന്സ്റ്റീന് പറഞ്ഞത്. അത് അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് തെളിയിക്കുകയാണ് ഒരു സൗദി വനിത.
വന്ദ്യ വയോധികയായ നൗദ അല്‍ ഖഹ്താനിയാണ് 110-ാം വയസ്സില്‍ സ്കൂളില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചത്.
സൗദിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഉംവ ഗവര്‍ണറേറ്റിലെ അല്‍ റഹ്വ എന്ന സ്ഥലത്തുള്ള സ്കൂളിലാണ് ഇവര്‍ ഇപ്പോള്‍ പഠിക്കുന്നത്.
നിരക്ഷരത ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് ഈ പഠനം.
ആഴ്ചകള്‍ക്ക് മുന്‍പ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിര്‍മാര്‍ജന പരിപാടിയില്‍ ചേര്‍ന്നതിനുശേഷം ഇവര്‍ മറ്റ് അന്‍പതിലധികം പേര്‍ക്കൊപ്പം എല്ലാ ദിവസവും സ്കൂളില്‍ ഹാജരാകുന്നുണ്ട്.
നാല് മക്കളുടെ അമ്മയാണ് ഇവര്‍. മൂത്ത ‘കുട്ടി’ക്ക് 80, ഇളയ ‘കുട്ടി’ക്ക് 50 എന്നിങ്ങനെയാണ് പ്രായം. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പറഞ്ഞു.
നാലു മക്കളും അമ്മയുടെ പഠനത്തെ പിന്തുണയ്ക്കുകയും അവരുടെ ജീവിതത്തിലെ പുതിയ തീരുമാനത്തെക്കുറിച്ചു ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
വളരെ വൈകിപ്പോയെന്നത് ശരി തന്നെ, എന്നാല്‍ ഇപ്പോഴെങ്കിലും ഇത് ചെയ്യാനായത് ദൈവഹിതമാണെന്ന് വിശ്വസിക്കുന്നതായി മകന് മുഹമ്മദ് പറഞ്ഞു.
താന്‍ എല്ലാ ദിവസവും രാവിലെ ഉമ്മയെ സ്കൂളിലേയ്ക്ക് കൊണ്ടുപോകുകയും ക്ലാസുകള്‍ കഴിയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നതായി മറ്റൊരു മകന് പറഞ്ഞു.
ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നതില്‍ ഞങ്ങള്‍ സന്തോഷവും അഭിമാനവും ഉള്ളതായി ഇളയമകന് പറഞ്ഞു.
110 വയസ്സിനു മുകളില്‍ പ്രായമുള്ള ഞങ്ങളുടെ ഉമ്മയ്ക്ക് ഈ കാര്യം എളുപ്പമല്ലെന്ന് അറിയാം. എന്നാലും കുടുംബത്തിലെ എല്ലാ അംഗങ്ങളും അഭിമാനിക്കുന്ന ഒരു നിമിഷമാണിത്.
നിരക്ഷരത തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇവര്‍ രാജ്യത്തിന്റെ നേതാക്കളോട് നന്ദി രേഖപ്പെടുത്തുന്ന പോസ്റ്റ് ബിഷയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശാഖ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുമുണ്ട്.