ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര: കുംഭമാസത്തിലെ മകം പിറന്ന മങ്കയായ ഭാര്‍ഗവി അമ്മൂമ്മയ്ക്ക് ഇന്നലെ 110 വയസ് തികഞ്ഞു. നാട്ടിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ എന്ന് ഈ തെരഞ്ഞെടുപ്പ് കാലത്ത് നിസ്സംശയം പറയാം.
അതിജീവനത്തിന്റെ സാഹചര്യമല്ലായിരുന്നുവെങ്കില് കുടുംബക്കാരെല്ലാം ഒന്നിച്ചെത്തി ഇന്നലത്തെ ഹാപ്പി ബര്‍ത്ത് ഡേ ആഘോഷം കെങ്കേമമാക്കിയേനെ.
നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കടയ്ക്കു സമീപം നല്ലൂര്‍വട്ടം ചാങ്ങയില്‍ വിളാകത്ത് വീട്ടില്‍ ഭാര്ഗവിയമ്മൂമ്മ നാലു തലമുറകളുടെ കാരണവത്തി കൂടിയാണ്.
മൂന്നു മക്കളും അവരുടെ ഒന്‍പതു മക്കളും 11 പേരക്കിടാങ്ങളും ഉള്‍പ്പെട്ടതാണ് കുടുംബം.
കാഴ്ചയ്ക്കും കേൾവിക്കും ചെറിയപ്രശ്നമൊഴിച്ചാൽ ഈ നാട്ടിന്പുറത്തുകാരി അമ്മൂമ്മ സ്ഥിരോത്സാഹിയും സ്വയംപര്യാപ്തയുമാണ്.
ഈ പ്രായത്തിലും അമ്മൂമ്മയുടെ ദിനചര്യകള്‍ക്ക് യാതൊരു മാറ്റവുമില്ല. അതിരാവിലെ എഴുന്നേല്ക്കും. സൂര്യനമസ്കാരം പതിവുശീലം.
തനിക്കാവശ്യമുള്ള വെള്ളം കിണറില്‍ നിന്ന് തന്നത്താന്‍ കോരിയെടുക്കും. മുറ്റമടിക്കലും വീടിനുചുറ്റും വീണുകിടക്കുന്ന ചപ്പും ചവറും വാരിക്കൂട്ടി നശിപ്പിച്ചു കളയലുമെല്ലാം ഇപ്പോഴും ഉഷാറോടെയാണ് അമ്മൂമ്മ ചെയ്യുക.
ഉച്ചയ്ക്ക് ഊണിന് വാഴയില നിര്‍ബന്ധം. കാല്‍നടയായി പത്തു കിലോമീറ്ററിനകത്തെ ക്ഷേത്രങ്ങളില്‍ ചെന്ന് ദര്‍ശനം നടത്തിയിട്ടുള്ള അമ്മൂമ്മ ഇപ്പോള്‍ യാത്ര ചെയ്യുന്നത് പേരക്കിടാവിനൊപ്പം ബൈക്കിലാണ്.
നാട്ടിലെ ഉത്സവങ്ങള്‍ കാണാന്‍ പോയിട്ടുള്ള തിളക്കമാര്‍ന്ന ഓര്‍മ്മകള്‍ അമ്മൂമ്മയില്‍ മായാതെ ബാക്കിയുണ്ട്.
മക്കളും ചെറുമക്കളുമായി വട്ടത്തിലിരുന്ന് ഓരോരോ കാര്യങ്ങള്‍ ചെറുചിരിയോടും ചിലപ്പോഴൊക്കെ ദീര്ഘനിശ്വാസത്തോടും കൂടി പങ്കിടുന്പോള്‍ അമ്മൂമ്മ ആവര്‍ത്തിക്കുന്ന വാചകത്തിന് വല്ലാത്ത ഹൃദ്യതയാണ് ഞാന്‍ ഭാഗ്യവതിയാണ് മക്കളേ….
മുഖം നിറഞ്ഞ പ്രസന്നതയോടെ മാത്രം സദാ കാണുന്ന ഭാര്‍ഗവി അമ്മൂമ്മയ്ക്കാണ് ഈ കുടുംബത്തില്‍ ഏറ്റവും പ്രായം കുറവ് എന്ന് തോന്നിപ്പോകും.