കോഴിക്കോട്: ആളുമാറി പോലീസ് വീട്ടില്‍ കയറി ഗൃഹനാഥനെ മര്‍ദിച്ചതായി പരാതി.കുന്നമംഗലം പൊയ്യയില്‍ തീകുന്നുമ്മല്‍ മീനാക്ഷിയുടെ മകന് രവീന്ദ്ര(55)നാണ് ഒരു കാരണവുമില്ലാതെ മര്‍ദനമേറ്റത്. ഇദ്ദേഹത്തിന്റെ മുഖത്താണ് പോലീസ് മര്‍ദിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വീടിനു 500 മീറ്റര്‍ അകലെയുള്ള കുഴിപ്പുറത്ത് അമ്പലത്തില്‍ വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു പോലീസ്.
അമ്പലക്കമ്മിറ്റിയും സമീപത്തെ വട്ടീകാരും തമ്മില്‍ ഇവിടെ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നമംഗലം പോലീസ് എല്ലാവരെയും ലാത്തി വീശി ഓടിച്ചു. തൊട്ടുപിറകേ പോലീസ് രവീന്ദ്രന്റെ വീട്ടിലെത്തി.
ഭക്ഷണം കഴിഞ്ഞ് ഹാളില്‍ വിശ്രമിക്കുകയായിരുന്ന രവീന്ദ്രന്റെ ചെകിട്ടത്ത് അടിക്കുകയായിരുന്നു. എസ്ഐക്കൊപ്പമുണ്ടായിരുന്ന പോലീസുകാരനാണ് മര്‍ദിച്ചത്. ആളുമാറിയെന്ന കാര്യം ബോധ്യപ്പെട്ടേതാടെ വീട്ടില്‍നിന്നും പോലീസ് പിന്മാറി. എന്തിനാണ് അടിച്ചതെന്ന ചോദ്യത്തിന് പോലീസിന് മറുപടിയുണ്ടായിരുന്നില്ല. സംഭവസമയത്ത് വീട്ടില്‍ ഭാര്യയും മക്കളും സഹോദരനുമാണ് ഉണ്ടായിരുന്നത്.
രവീന്ദ്രനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന സമയത്ത് വഴിയില്‍ പോലീസ് ജീപ്പ് ഉണ്ടായിരുന്നുവെങ്കിലും എസ്ഐയും സംഘവും മാറി നില്‍ക്കുകയായിരുന്നുവെന്ന് രവീന്ദ്രന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. ചെവിയില്‍ മുഴക്കം അനഭവപ്പെട്ട രവീന്ദ്രന് കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ഇഎന്‍ടി വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിച്ചശേഷം മാത്രമേ ആശുപത്രിവിടാനാകൂവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പോലീസ് മര്‍ദനത്തിനെതിരേ നാട്ടിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കുമെന്ന് രവീന്ദ്രന്റെ സഹോദരന് അറിയിച്ചു.