വീട്ടില് ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങള്ക്കു നേരെ പാഞ്ഞടുത്ത കാട്ടുപന്നിയെ തുരത്തി രക്ഷകനായി പതിനൊന്നുകാരന്.
കൂനംവെള്ളികാവ് മാവുള്ളതില് രതീഷിന്റെ മകന് റോബിന് (11) ആണ് ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികള്ക്കു രക്ഷകനായത്.
റോബിന്റെ അമ്മാവന് രജീഷും ഭാര്യ അതുല്യയും കുഞ്ഞുങ്ങളും വീട്ടില് വിരുന്നിന് എത്തിയതായിരുന്നു.
രാവിലെ പതിനൊന്നരയോടെ വീടിനു പരിസരത്ത് എത്തിയ കാട്ടുപന്നി അതിവേഗം വീട്ടിലേക്ക് ഓടിക്കയറി. കുട്ടികളുടെ അമ്മ അതുല്യയും റോബിന്റെ അമ്മ ജിലയും വീടിന് പിന്വശത്തായിരുന്നു.
വീടിന്റെ മുന്ഭാഗത്തുണ്ടായിരുന്ന റോബിന് വീട്ടിനകത്തേക്ക് കയറിയ പന്നിയെ കുട്ടികളുടെ അടുത്തു നിന്നു മല്പിടിത്തത്തിലൂടെ ഓടിക്കുകയായിരുന്നു.
കാട്ടുപന്നി ഓടിപ്പോകാന് ശ്രമിക്കവേ റോബിന്റെ കാല്മുട്ടില് ഇടിച്ചു. ബഹളം കേട്ടു നാട്ടുകാര് ഓടിയെത്തി കാട്ടുപന്നിയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.
പരുക്കേറ്റ റോബിനെ മേപ്പയൂര് പിഎച്ച്സിയിലും പിന്നീട് പേരാമ്പ്ര ഗവ. ആശുപത്രിയിലും എത്തിച്ചു ചികിത്സ നല്കി. കല്പത്തൂര് എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്ഥിയാണ് റോബിന്.