ഇന്ത്യന് കുടുംബം അമേരിക്ക-കാനഡ അതിര്ത്തിയില് തണുത്തുറഞ്ഞ് മരിച്ച വാര്ത്തയ്ക്കു പിന്നാലെ സമാനമായ മറ്റൊരു വാര്ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്.
തുര്ക്കി-ഗ്രീസ് അതിര്ത്തിയില് മരവിച്ചു മരിച്ച പന്ത്രണ്ട് പേരുടെ മൃതദേഹങ്ങള് കണ്ടെത്തി.
യൂറോപ്പിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിര്ത്തി സേന തിരിച്ചയച്ച 22 കുടിയേറ്റക്കാരില് 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്സാല ബോര്ഡര് ക്രോസിംഗിന് സമീപം കണ്ടെത്തിയതെന്ന് തുര്ക്കി ആഭ്യന്തര മന്ത്രി സുലൈമാന് സോയ്ലു ട്വീറ്റ് ചെയ്തു.
മൃതദേഹങ്ങളുടെ മങ്ങിയ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മൃതദേഹങ്ങളില് വളരെക്കുറച്ച് വസ്ത്രങ്ങള് മാത്രമാണുണ്ടായിരുന്നത്.
ഇവരുടെ ചെരുപ്പുകളോ മറ്റോ കണ്ടെത്താന് കഴിഞ്ഞിട്ടില്ല. കുടിയേറ്റക്കാരോടുള്ള ഗ്രീക്ക് അതിര്ത്തി സേനയുടെ ക്രൂരതകള് വ്യക്തമാക്കുന്നതാണ് സംഭവമെന്നും യൂറോപ്യന് യൂണിയന് ഇവരുടെ പെരുമാറ്റത്തില് മനുഷ്യത്വപരമായ നിലപാടുകളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അഭയാര്ഥികളോട് തികച്ചും മനുഷ്യത്വരഹിതമായ സമീപനമാണ് ഗ്രീസിനുള്ളതെന്നത് നാളുകളായി വിവിധ രാജ്യങ്ങള് ഉയര്ത്തുന്ന ആരോപണമാണ്.
മധ്യേഷ്യയില് നിന്നും ആഫ്രിക്കയില് നിന്നുമുള്ള അഭയാര്ഥികള് യൂറോപ്പിലേക്ക് കടക്കുന്നത് തുര്ക്കി-ഗ്രീസ് വഴിയാണ്.
തുര്ക്കിയില് നിന്ന് ബോട്ടുകള് വഴി കുടിയേറ്റക്കാരെ ഈജിയന് കടലിലൂടെ ഇറ്റലിയിലേക്ക് കടത്തുന്ന ഒട്ടേറെ കള്ളക്കടത്ത് സംഘങ്ങളുണ്ട്.
ഭൂരിഭാഗം പേരും ഒന്നുകില് വടക്കുകിഴക്കന് അതിര്ത്തി കടന്നോ കിഴക്കന് ഈജിയന് കടല് ദ്വീപുകളിലേക്കുള്ള കള്ളക്കടത്ത് ബോട്ടുകളില് കയറിയോ ഗ്രീസിലേക്ക് കടക്കുന്നു.
കുടിയേറ്റക്കാരെ കുത്തിനിറച്ച ബോട്ടുകള് അപകടത്തില് പെട്ട് ഒട്ടേറെപ്പേര് കഴിഞ്ഞ മാസങ്ങളില് മരിച്ചതായും വാര്ത്തയുണ്ടായിരുന്നു.
കുടിയേറ്റക്കാരെ തടയാന് ഗ്രീസ് അതിര്ത്തിയില് വലിയ വേലികള് കെട്ടുകയും ഇവിടെ ശക്തമായ കാവല് ഏര്പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തുര്ക്കിയില് നിന്നുള്ള കുടിയേറ്റക്കാരെ നദി കടത്തി തിരികെ അയയ്ക്കുകയും കടല് മാര്ഗം എത്തിയവരെ അതേ വഴി തിരിച്ചയയ്ക്കുകയുമൊക്കെ ഗ്രീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള നടപടികളാണ്.
എന്നാല് അതിര്ത്തിയില് കണ്ടെത്തിയ പന്ത്രണ്ട് പേരെ അതിര്ത്തി സേന നിര്ബന്ധിച്ച് തിരിച്ചയച്ചതാണെന്ന വാദം ഗ്രീസ് തള്ളിയിട്ടുണ്ട്.
കുടിയേറ്റ സംഘം അതിര്ത്തിയിലെത്തിയിരുന്നില്ലെന്നും സേന ക്രൂരമായി പെരുമാറി എന്ന വാദം തികച്ചും വ്യാജമാണെന്നും ഗ്രീക്ക് മന്ത്രി നോട്ടിസ് മിറ്ററാച്ചി അറിയിച്ചു.