ഒറ്റയ്ക്ക് താമസിക്കുന്ന ഒരു 12കാരന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡാങ് വാന്‍ ഖുയാന്‍ എന്നാണ് അവന്റെ പേര്. വിയറ്റ്‌നാമിലെ ഒരു വിദൂര ഗ്രാമത്തില്‍ താമസിക്കുന്ന അവന് കൂട്ടായി ആരുമില്ല.
അച്ഛനും അമ്മയും നഷ്ടമായ ശേഷം അവന്‍ മറ്റൊരു വീട്ടില്‍ പോകാന്‍ വിസ്സമ്മതിച്ച് ആരുമില്ലാത്ത ആ വീട്ടില്‍ ഒറ്റക്കാണ് കഴിയുന്നത്. സ്‌കൂള്‍ പഠനത്തിനൊപ്പം പകല്‍ അവന്‍ വയലുകളില്‍ ജോലി ചെയ്യുന്നു. അവന്റെ ജീവിതം ലോകമെമ്പാടുമുള്ള ആളുകളുടെ കരളുരുക്കുകയാണ്.
സ്‌കൂളില്‍ ഇരിക്കുമ്പോഴാണ് അവന്റെ അച്ഛന്‍ ഒരു റോഡപകടത്തില്‍ മരണപ്പെട്ടതായി അമ്മാവന്‍ വന്നു പറയുന്നത്. അവന്‍ കരച്ചില്‍ അടക്കാന്‍ പാടുപെട്ടു. അധ്യാപകനോട് മൂന്ന് ദിവസത്തെ അവധി ചോദിച്ചു അവന്‍ സ്‌കൂളില്‍ നിന്നിറങ്ങി.
നാല് കുന്നുകള്‍ കടന്ന് മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ അവന്‍ തന്റെ പഴയ സൈക്കിള്‍ ചവിട്ടി വീട്ടിലെത്തി. വീട്ടില്‍, അമ്മാവനും അയല്‍വാസികളുമുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് പിതാവ് ഗ്രാമം വിട്ട് ജോലിക്ക് വേണ്ടി പുറത്ത് പോകുന്നത്.
ഖുയാന്റെ അമ്മ മുന്‍പേ മരിച്ചിരുന്നു. വീട്ടിലെ കാര്യങ്ങള്‍ക്കായി അച്ഛന്‍ പതിവായി പണം അയക്കുമായിരുന്നു. അവന്‍ മുത്തശ്ശിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. അവര്‍ ഒരുമിച്ച് പച്ചകറികള്‍ നട്ടും, പാചകം ചെയ്തും ജീവിച്ചു. എന്നാല്‍, മൂന്ന് വര്‍ഷം മുന്‍പ് മുത്തശ്ശി വീണ്ടും വിവാഹം കഴിച്ച് 60 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്തേക്ക് മാറി. അതിനുശേഷം ആ കുട്ടി തനിച്ചാണ്.
അച്ഛന്റെ മരണസമയത്ത് ശവശരീരം കൊണ്ടുവരാന്‍ അവന്റെ കൈവശം പണമൊന്നും ഇല്ലായിരുന്നു. ഒടുവില്‍ ദയ തോന്നി അധ്യാപകരാണ് അവനുവേണ്ടി പണം സ്വരൂപിച്ചത്. ഖുയീന്‍ പണവുമായി പിതാവിന്റെ മൃതദേഹം സ്വീകരിക്കാന്‍ പോയി.
യാത്രയില്‍ നിന്ന് മടങ്ങിയെത്തിയ അവന്‍ പിതാവിന്റെ ഛായാചിത്രം കെട്ടിപ്പിടിച്ച് നിശബ്ദനായി ഇരുന്നു. ‘കറുത്ത ഷര്‍ട്ടില്‍ അവന്‍ 12 മണിക്കൂറോളം നിശ്ചലനായി ആ ഇരുപ്പ് ഇരുന്നു. ഒടുവില്‍ മുത്തശ്ശി വന്നപ്പോള്‍ മാത്രമാണ് അവന്‍ ഒന്ന് ശരിയായത്’ അമ്മായി ലി തി ചുങ് പറഞ്ഞു.
ഇപ്പോള്‍ വിശപ്പടക്കാന്‍ അവന്‍ തന്റെ വീടിന് ചുറ്റുമുള്ള വയലുകളില്‍ പച്ചക്കറികള്‍ നട്ടുപിടിപ്പിക്കുന്നു. അവന്‍തന്നെ അവനുള്ള ആഹാരം വയ്ക്കുന്നു. അവന്‍ രാവും പകലും ആ കുടിലിലാണ് ചെലവഴിക്കുന്നത്.
എന്നിരുന്നാലും മറ്റൊരു കുടുംബത്തിലേക്ക് പോകാന്‍ പക്ഷേ അവന്‍ ആഗ്രഹിക്കുന്നില്ല. അവന്റെ വീട്ടില്‍ ഫര്‍ണിച്ചറുകളൊന്നുമില്ല. മറ്റുള്ളവര്‍ നല്‍കിയ കുറച്ച് കലങ്ങളും കൊട്ടകളും പാത്രങ്ങളുമാണ് അവന്റെ ആകെയുള്ള സ്വത്ത്.
ജീവിക്കാനായി തന്നെകൊണ്ടാവും വിധത്തില്‍ ചെറിയ ജോലികള്‍ അവന്‍ ഏറ്റെടുക്കുന്നു. മിക്കവാറും അവന്‍ അടുത്തുളള കുന്നില്‍ പോയി കപ്പ ശേഖരിച്ച് കൊണ്ട് വന്ന് വില്‍ക്കും. ഒരിക്കല്‍ അവന്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഒരു കുന്നിന്‍ മുകളില്‍ കയറി ഒരു ചാക്ക് കപ്പ ശേഖരിച്ചു.
താഴേക്കിറങ്ങുമ്പോള്‍ പക്ഷേ വഴുതി വീഴുകയും മുറിവ് പറ്റുകയും ചെയ്തു. വേനല്‍ക്കാലത്ത് അവന്‍ മറ്റ് ഗ്രാമവാസികളോടൊപ്പം മുള ചിനപ്പുകള്‍ ശേഖരിക്കാന്‍ പോകും. പരുക്കന്‍, മൂര്‍ച്ചയുള്ള മുള നാമ്പുകള്‍ അവന്റെ കൈകളെ മുറിപ്പെടുത്തും.
എന്നിരുന്നാലും ഒരു യാത്രയില്‍ 3-4 കിലോഗ്രാം മുള നാമ്പുകള്‍ വരെ അവന്‍ കൊണ്ടുവരും. അത് വിറ്റാല്‍ ഒരു തുക അവന് കൈയില്‍ കിട്ടും. എന്നാല്‍, മുള ചിനപ്പുകള്‍ വേനല്‍ക്കാലത്ത് മാത്രമേ കിട്ടൂ. അതേസമയം വര്‍ഷം മുഴുവന്‍ കപ്പ ലഭ്യമാണ്.
അതുകൊണ്ട് അവന്റെ പ്രധാന വരുമാന മാര്‍ഗ്ഗവും അത് തന്നെ. ഇത് കൂടാതെ ഒഴിവുസമയങ്ങളില്‍ അവന്‍ മറ്റുള്ളവര്‍ക്കായി അരിയും ചുമക്കും. കൂലിയായി ആളുകള്‍ അവന് പാകം ചെയ്യാനായി അരി നല്‍കും. വിയറ്റ്‌നാമീസ് പുതുവത്സരത്തിലും, മറ്റ് ഉത്സവ സമയത്തും ഗ്രാമവാസികള്‍ അവന് ഇതുപോലെ അരി സമ്മാനമായി നല്‍കും.
2018 -ലാണ് അവന്റെ മുത്തശ്ശി ദൂരെ താമസിക്കുന്ന ഒരാളെ വിവാഹം കഴിച്ചത്. എന്നാല്‍, അപ്പോഴൊക്കെ എല്ലാ രാത്രിയിലും ഖുയാന്‍ കരയുമായിരുന്നു. മൂന്നുമാസത്തോളം അമ്മാവന്‍ അവനെ പരിപാലിക്കാന്‍ എല്ലാ ദിവസവും അവിടെ വന്നു.
തന്നോടൊപ്പം വന്ന് താമസിക്കാന്‍ അദ്ദേഹം ഖുയാനോട് പറഞ്ഞെങ്കിലും, അവന്‍ വിസമ്മതിച്ചു. ‘എന്റെ അമ്മാവന്റെ കുടുംബം ദരിദ്രമാണ്, ഞാന്‍ അവര്‍ക്ക് ഒരു അധിക ഭാരമാവും’ അവന്‍ പറയുന്നു. തുടക്കത്തില്‍, പാചകം ഒന്നുമറിയാത്ത ഖുയാന്‍ നൂഡില്‍സ് ഉണ്ടാക്കി കഴിക്കുമായിരുന്നു.
എന്നാല്‍, ഇപ്പോള്‍ അവന് ഒരു റൈസ് കുക്കര്‍ ഉണ്ട്. ചില അടിസ്ഥാന വിഭവങ്ങള്‍ ഉണ്ടാക്കാന്‍ അവന്‍ പഠിച്ചു കഴിഞ്ഞു. എന്നാലും കൂടുതലും ഉപ്പും എള്ളും ചേര്‍ത്ത ചോറാണ് അവന്‍ ഉണ്ടാക്കുന്നത്.
ഈ ധീരനായ 12 വയസുകാരനെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം, ഈ പ്രയാസങ്ങള്‍ക്കിടയിലും, അവന്‍ ഒരിക്കല്‍ പോലും സ്‌കൂളില്‍ പോകാതിരുന്നിട്ടില്ല എന്നതാണ്. എല്ലാ ദിവസവും രാവിലെ സൈക്കിളില്‍ പോയി ക്ലാസുകളില്‍ പങ്കെടുക്കുകയും തിരിച്ച് വന്ന് ദൈനംദിന ജോലികള്‍ ചെയ്യുകയും ചെയ്യുന്നു.
അവന്റെ മുത്തശ്ശി പുതിയ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. വീട്ടിലെ തിരക്കുകള്‍ കാരണം കഴിഞ്ഞ വര്‍ഷം രണ്ടുതവണ മാത്രമേ അവര്‍ക്ക് പേരക്കുട്ടിയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞുള്ളൂ. അവന്‍ ഇപ്പോള്‍ ഒരു സ്വപ്നം മാത്രമേയുള്ളൂ – മുത്തശ്ശിക്കൊപ്പം ജീവിക്കുക. ‘മുത്തശ്ശി എന്റെ തലമുടിയില്‍ തലോടുമ്പോള്‍, ഞാന്‍ പെട്ടെന്ന് ഉറങ്ങും’ അവന്‍ പറയുന്നു.