ആഴക്കയത്തില്‍ മുങ്ങിത്താഴുകയായിരുന്ന 35കാരനെ ജീവന് പണയം വച്ചു രക്ഷിച്ച ഏഴാംക്ലാസുകാരന്റെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ഒരു നാട്.
പുതു ജീവന് പൂനൂര് പുഴയില്‍ മുങ്ങിത്താഴുന്ന സിദ്ദിഖ് എന്ന 35 വയസ്സുകാരനെ ആണ് മുഹമ്മദ് ആജ്ഞാന്‍ എന്ന ഏഴാം ക്ലാസ്സുകാരന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
പൂനൂര് പുഴയിലെ എരിഞ്ഞോണ കുളിക്കടവില്‍ അഞ്ചു മീറ്ററോളം ആഴത്തില്‍ മുങ്ങിപ്പോയ സിദ്ദിഖിനെ 12 വയസ്സുകാരനായ ആജ്ഞാന്‍ പുഴയിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു. ഏറെ പാടുപെട്ടാണ് യുവാവിനെ കരയ്ക്ക് എത്തിച്ചത്.
വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ പ്രഥമശുശ്രൂഷ നല്‍കിയതോടെയാണ് തളര്‍ന്ന് അവശനായ സിദ്ദിഖ് പഴയ നിലയിലായത്.
അല്പം വൈകിയിരുന്നെങ്കില്‍ യുവാവിന് ജീവന് നഷ്ടമാകുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു
എരിഞ്ഞോണ എരയരിക്കല് പരേതനായ അബ്ദുല്‍ ഗഫൂര്‍-റംല ദമ്പതിമാരുടെ മകനാണ് പരപ്പിന്പോയില് രാരോത്ത് ഗവണ്മെന്റ് ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആജ്ഞാന്‍. എരിഞ്ഞോണയില് ഉള്ള ഭാര്യാ സഹോദരിയുടെ വീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു സിദ്ദിഖ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുടുംബത്തോടൊപ്പം ഒന്നിച്ച് പുഴ കാണാനായി എരിഞ്ഞോണ കടവില്‍ എത്തുകയും പിന്നീട് കുളിക്കാന്‍ ഇറങ്ങുകയും ആയിരുന്നു.
താഴെയുള്ള ഭാഗത്തേക്ക് കാല് വഴുതിയതോടെ നീന്തല്‍ വശമില്ലായിരുന്ന സിദ്ദിഖ് മുങ്ങിപ്പോയി.
സിദ്ദിഖിന്റെ ഭാര്യയുടെയും മക്കളുടെയും നിലവിളി കേട്ടാണ് സമീപത്ത് ഉണ്ടായിരുന്ന മുഹമ്മദ് ആജ്ഞാന്‍ ഓടിയെത്തുന്നതും പുഴയിലേക്ക് എടുത്തു ചാടി സിദ്ദിഖിനെ കരയ്ക്ക് എത്തിക്കുന്നതും.
പുഴയിലേക്ക് മുങ്ങിത്താഴ്ന്ന യുവാവിന്റെ ജീവന് രക്ഷിച്ച മുഹമ്മദ് ആജ്ഞാന്‍ ആ നാട്ടുകാര്‍ പ്രത്യേക പുരസ്കാരം നല്കി ആദരിച്ചു.