സംസ്ഥാനത്ത് ഓപ്പറേഷന് പി ഹണ്ട് പുരോഗമിക്കുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ കൂടിവരികയാണെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്ന് ഇന്റലിജന്‍സ് ഐജി പി.പ്രകാശ് പറഞ്ഞു.
നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുണ്ടെന്നും പോലീസ് കണ്ടെത്തി.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടുന്ന 270 ഉപകരണങ്ങള്‍ കണ്ടെത്തി. ഇതില്‍ മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്, മോഡം, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ് എന്നിവ ഉള്‍പ്പെടും.
കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന് പി ഹണ്ടില്‍, ഇടുക്കിയില്‍നിന്നു പിടിയിലായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് അയല്‍വാസിയായ 12 വയസ്സുകാരിയുടെ നഗ്നദൃശ്യങ്ങള്‍ ആയിരുന്നു.
ഇതേ ദൃശ്യങ്ങള്‍ ഇയാള്‍ മറ്റു പല ഗ്രൂപ്പുകളിലേക്കും കൈമാറിയിട്ടുമുണ്ട്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ചോദ്യംചെയ്യലില്‍ യുവാവ് സമ്മതിച്ചു.
പ്രതിയെ അറസ്റ്റു ചെയ്യുകയും കുട്ടിയെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയും ചെയ്തു. പരിചയത്തിലുള്ള കുട്ടികളെ ഉപദ്രവിച്ച ശേഷം പീഡനദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് വ്യാപകമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉന്നത വിദ്യാഭ്യാസവും ജോലിയുമുള്ളവര്‍ മുതല്‍ പ്രായപൂര്‍ത്തിയാകാത്തവരും വേട്ടക്കാരുടെ സംഘങ്ങളിലുണ്ട്.
നിരന്തര സൈബര്‍ നിരീക്ഷണവും തുടര്‍ച്ചയായ പരിശോധനയും നടത്തി കുഞ്ഞുങ്ങളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നവരെ കുടുക്കാനാണ് തീരുമാനമെന്നും ഐജി വ്യക്തമാക്കി.
കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ (ഓപ്പറേഷന് പി ഹണ്ട്) 12 പേര് അറസ്റ്റിലായിരുന്നു.
ഇതില്‍ മൂന്നു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. 142 കേസുകളാണ് സംസ്ഥാനത്താകെ റജിസ്റ്റര്‍ ചെയ്തത്.
ചെറുപ്പക്കാരായ ഐടി വിദഗ്ധരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. വരും ദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ വലയിലാകുമെന്ന് പോലീസ് പറയുന്നു.