ഉത്തര്പ്രദേശില് കഴിഞ്ഞ ദിവസംനടന്ന സമൂഹ വിവാഹത്തില് ഒന്നായത് 12,000 ദമ്പതികള്. മുഖ്യമന്ത്രിയുടെ ‘സാമൂഹിക് വിവാഹ് സ്കീമിന്’ കീഴില് സംസ്ഥാനത്തുടനീളമുള്ള 60 ജില്ലകളില് നിന്നുള്ളവരുടെ വിവാഹ സ്വപ്നങ്ങളാണ് ഇന്നലെ സഫലീകരിച്ചത്.
ദരിദ്ര കുടുംബങ്ങളിലെ ആളുകളുടെ വിവാഹം നടത്താന് സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിവാഹ ചടങ്ങിന്റെ മുഴുവന് ചെലവും സര്ക്കാര് വഹിക്കും.
വരന്മാരുടെ കുടുംബങ്ങളെ മന്ത്രിമാരും സര്ക്കാര് ഉദ്യോഗസ്ഥരുമാണ് വേദിയിലേക്ക് സ്വാഗതം ചെയ്യുക.
ലഖ്നൗവില്, മോഹന് റോഡില് നടന്ന പരിപാടിയില് ദമ്പതികളെ അനുഗ്രഹിക്കാന് സാമൂഹ്യക്ഷേമ മന്ത്രി അസിം അരുണ് പങ്കെടുത്തതായി വക്താവ് പറഞ്ഞു.
2017ലാണ് പദ്ധതി ആരംഭിച്ചത്. ഈ ചടങ്ങുകളില് പങ്കെടുക്കാന് താല്പ്പര്യമുള്ളവര് ഓണ്ലൈനായി അപേക്ഷകള് സമര്പ്പിക്കണം.
ജൂണ് 17 ന് മറ്റൊരു സമൂഹ വിവാഹം കൂടെ പ്ലാന് ചെയ്തിട്ടുണ്ട്. അന്ന് 6,000-7,000 ദമ്പതികള് വിവാഹിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹ്യക്ഷേമ മന്ത്രി അസിം അരുണ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില് ഈ പദ്ധതിയ്ക്ക് വന് കൈയ്യടിയാണ് ലഭിക്കുന്നത്.