കാനഡയിലെ ടൊറന്റോ സര്‍വകലാശാല എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രഫസര്‍ ബാര്‍ബറ ഷെര്‍വുഡ് ലോലര്‍ പ്രശസ്തയായ ജിയോളജിസ്റ്റ് ആണ്.
ഭൂമിക്കടിയില്‍ കെട്ടിക്കിടക്കുന്ന പുരാതനജലവുമായി ബന്ധപ്പെട്ടു നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ഗവേഷകയാണ് ലോലര്‍.
അടുത്തിടെ ഗവേഷണങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ പുരാതനജലം സധൈര്യം കുടിച്ചു ലോലര്‍. ജലത്തിന്റെ പഴക്കമോ 2.6 ബില്യണ്‍ വര്‍ഷം!
ഗവേഷകസംഘത്തിലുള്ളവര്‍ ആശങ്കയോടെയാണ് ലോലറുടെ പ്രവൃത്തി നോക്കിനിന്നത്. ആ പുരാതനജലം കുടിച്ച ലോലര്‍ തനിക്കുണ്ടായ അനുഭവം ലോകത്തിനുമുമ്പില്‍ വിവരിച്ചു.
ഉപ്പു നിറഞ്ഞതായിരുന്നു വെള്ളം എന്ന് ലോലര്‍ പറഞ്ഞു. മേപ്പിള്‍ സിറപ്പിന്റെ കട്ടിയായിരുന്നു ജലത്തിനുണ്ടായിരുന്നത്.
താനിതുവരെ ഇത്രത്തോളം ഉപ്പുള്ള വസ്തു രുചിച്ചു നോക്കിയിട്ടുപോലുമില്ലെന്ന് ലോലര്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
സാധാരണവെള്ളംപോലെയായിരുന്നു ആദ്യകാഴ്ചയില്‍ ദ്രാവകം. അതേസമയം, ഓക്സിജനുമായി ചേര്‍ന്നപ്പോള്‍ ജലത്തിന്റെ നിറം മാറി ഓറഞ്ചുനിറം കൈവന്നു.
ജലവും പാറയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ മൂലമാണു ജലത്തിന് ഉപ്പുരസമുണ്ടായതെന്ന് ലോലര്‍ വിശദീകരിക്കുന്നു.
2013ല്‍, കാനഡയിലെ ഒരു ഖനിയില്‍ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സംഘം ശാസ്ത്രജ്ഞരാണ് ജലസാന്നിധ്യം കണ്ടെത്തിയത്.
ഒന്റാറിയോയിലെ ടിമ്മിന്‍സിലെ ഖനിയില്‍ ഗ്രാനൈറ്റ് പോലുള്ള പാറകള്ക്കിടയിലായിരുന്നു ജലം.
ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് ഏകദേശം 1.5 മൈല്‍ താഴ്ചയിലായിരുന്നു ഗ്രാനൈറ്റിനോടു സാദൃശ്യമുള്ള പാറകള്‍ സ്ഥിതിചെയ്തിരുന്നത്.
വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍നിന്നാണ് അതിന്റെ പഴക്കം നിര്‍ണയിക്കാന്‍ കഴിഞ്ഞത്.