തിരുവല്ല: കാന്തിക ശക്തിയുടെ പിൻബലത്തിൽ മുമ്പിലേക്കും പിന്നിലേക്കും അതിവേഗം ചലിപ്പിക്കാൻ കഴിയുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ നമ്പർ പ്ലേറ്റുള്ള ന്യൂജൻ ബൈക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്റ് വിഭാഗം വാഹന പരിശോധനയ്ക്കിടെ പിടികൂടി.
മോട്ടോർ എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ രാവിലെ ഇടിഞ്ഞില്ലം ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി അരുൺ കുമാറിന്റെ ബൈക്ക് പിടികൂടിയത്.
ബൈക്കിന്റെ പിൻവശത്തെ നമ്പർ പ്ലേറ്റിലാണ് കൃത്രിമം കാട്ടിയിരുന്നത്. നമ്പർ പ്ലേറ്റിന്റെ മുൻവശത്തും പിൻവശത്തുമായി നാല് കാന്ത കഷണങ്ങൾ ഘടിപ്പിച്ചാണ് നമ്പർ പ്ലേറ്റ് അതിവേഗം ചലിപ്പിച്ചിരുന്നത്.
വാഹന പരിശോധന സമയങ്ങളിൽ നിർത്താതെ പോകുന്ന വാഹനങ്ങളുടെ പിൻവശത്തെ നമ്പർ പ്ലേറ്റാണ് മോട്ടോർ വാഹന വകുപ്പുംപോലീസും രേഖപ്പെടുത്താറുള്ളത്.
മോട്ടോർ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ വാഹന പരിശോധന ശ്രദ്ധയിൽപെട്ടാൽ പിന്നിലിരിക്കുന്ന സഹയാത്രികന് ഞൊടിയിടയിൽ മുന്നിലേക്കോ പിന്നിലേക്കോ ചലിപ്പിച്ച് നമ്പർ പ്ലേറ്റ് അദൃശ്യമാക്കാവുന്ന തരത്തിലാണ് പിടികൂടിയ ബൈക്കിൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.
നമ്പർ പ്ലേറ്റിൽ ഇത്തരത്തിലുള്ള കൃത്രിമത്വം പത്തനംതിട്ട ജില്ലയിൽ പിടികൂടുന്നത് ഇതാദ്യമായാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹനമോടിച്ചിരുന്ന പ്രവീൺകുമാറിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.