ന്യൂഡൽഹി: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ മൂന്ന് അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിലേക്കു മാറ്റിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
റിലയൻസ് കമ്മ്യൂണിക്കേഷൻ, റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രടെൽ തുടങ്ങിയ കന്പനികളുടെ അക്കൗണ്ടുകളാണ് ഫ്രോഡ് വിഭാഗത്തിലേക്കു മാറ്റിയത്.
ഇതോടെ അനിൽ അംബാനിക്കെതിരേ സിബിഐ അന്വേഷണത്തിനുള്ള സാധ്യതയേറി.
റിലയൻസ് ഗ്രൂപ്പിന്റെ അക്കൗണ്ടിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്.
ഫ്രോഡ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന് ഒരു കോടിയിൽ കൂടുതൽ രൂപ ലഭിക്കാനുണ്ടെങ്കിൽ അക്കാര്യത്തിൽ സിബിഐക്ക് പരാതി നൽകണമെന്നാണ് ചട്ടം.
അനിൽ അംബാനിയുടെ കന്പനികൾ 75,000 കോടിയോളം വായ്പയെടുത്തിട്ടുള്ളതിനാൽ എസ്ബിഐയുടെ നടപടിയിലൂടെ സിബിഐ അന്വേഷണം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, കേസിൽ തത്കാലം നടപടികളെടുക്കരുതെന്ന് ഹൈക്കോടതി എസ്ബിഐയോടു നിർദേശിച്ചിട്ടുണ്ട്.
എസ്ബിഐയുടെ നടപടിക്കെതിരേ റിലയൻസ് കമ്മ്യൂണിക്കേഷൻ മുൻ ഡയറക്ടർ പുനിത് ഗാർഗ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.