തെറ്റായ കാലമാണിതെന്ന് മുതിര്‍ന്ന ആളുകള്‍ പറയുന്ന കാലമാണിത്. പണ്ടു കാലത്ത് മാതാവിനും പിതാവിനുമൊപ്പം തന്നെ ഗുരുക്കന്മാരെ വന്ദിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ വിദ്യാര്‍ഥികളില്‍ പലരും ഗുരുക്കന്മാരെ അത്രയധികം ബഹുമാനിക്കുന്നില്ല എന്നു മാത്രമല്ല, അധിക്ഷേപിക്കാനും മടി കാട്ടാറില്ല.
ഇത്തരത്തില്‍ അധ്യാപികയെ നിന്ദിച്ചതിനു നാലു വിദ്യാര്ഥികള്ക്കെതിരേ കേസെടുത്തിരിക്കുകയാണ് പോലീസ്.
ഉത്തര്‍ പ്രദേശിലെ മീററ്റില്‍ രാധാഇനായത്പുര് ഗ്രാമത്തിലെ സ്കൂളിലെ അധ്യാപികയെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചെന്ന കേസിലാണ് ഒരു പെണ്‍കുട്ടിയുള്‍പ്പെടെ നാല് പന്ത്രണ്ടാം ക്ലാസുകാര്‍ അറസ്റ്റിലായത്.
അധ്യാപിക ക്ലാസെടുക്കുന്നതിനിടെ കൂക്കിവിളിച്ചും ‘ഞാന്‍ നിങ്ങളെ പ്രണയിക്കുന്നു’വെന്ന് ഉറക്കെ വിളിച്ചു പറഞ്ഞും വിദ്യാര്‍ഥികള്‍ അവരെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പോലീസ് നടപടി.
വിദ്യാര്‍ഥികള്‍ കുറേക്കാലമായി തന്നോടു മോശമായി പെരുമാറുന്നെന്ന് ഇരുപത്തേഴുകാരിയായ അധ്യാപിക പോലീസില്‍ പരാതി നല്‍കിയിരുന്നു.
ജൂണ്‍ 24ന് കുട്ടികളുടെ പെരുമാറ്റം എല്ലാ പരിധിയും വിട്ടെന്നും സ്കൂളില്‍വച്ച് തന്നോട് ‘ഐ ലവ് യു’ എന്നു പറഞ്ഞെന്നും അതിന്റെ വീഡിയോ എടുത്തു പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 345, 500 വകുപ്പുകളാണ് വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.