മൂത്തമകളെ ചികിത്സിക്കാന്‍ പണം കണ്ടെത്താനായി ഇളയമകളെ മാതാപിതാക്കള്‍ 10000 രൂപയ്ക്ക് വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം. 12 വയസ്സുകാരിയെ ആണ് 10000 രൂപയ്ക്ക് 46 കാരന് വിറ്റത്.
കടുത്ത ശ്വാസകോശ രോഗത്താന്‍ ബുദ്ധിമുട്ടുന്ന മൂത്തകുട്ടിയുടെ ചികിത്സ ചിലവ് കണ്ടെത്താനായിരുന്നു മാതാപിതാക്കളുടെ ഈ കടുംകൈ. 25,000 രുപയാണ് ദമ്പതിമാര്‍ ആവശ്യപ്പെട്ടത്. വിലപേശലിനൊടുവില്‍ 10,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു.
കോട്ടൂര്‍ സ്വദേശികളായ ദമ്പതിമാര്‍ അയല്‍വാസിയായ ചിന്ന സുബ്ബയ്യയെയാണ് കച്ചവടത്തിനായി സമീപിച്ചത്. ബുധനാഴ്ച ഇവര്‍ കച്ചവടം നടത്തുകയും പെണ്‍കുട്ടിയെ സുബയ്യ വിവാഹം കഴിക്കുകയും ചെയ്തു.
എന്നാല്‍ വിവരമറിഞ്ഞ വനിതാ ശിശുക്ഷേമ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. കുട്ടിയെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി കൗണ്‍സിലിംഗ് നല്‍കിക്കൊണ്ടിരിക്കുകയാണ്.
നേരത്തെ വിവാഹിതനായ സുബ്ബയ്യയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. കുട്ടിയെ വിവാഹം കഴിച്ച സുബ്ബയ്യ കുട്ടിയേയും കൂട്ടി ബന്ധുവിന്റെ വീട്ടിലേക്കാണ് പോയത്. കുട്ടിയുടെ നിലവിളി കേട്ട അയല്‍ക്കാര്‍ വിവരം സര്‍പഞ്ചിനെ അറിയിക്കുകയായിരുന്നു. അദ്ദേഹമാണ് വിവരം ശിശുക്ഷേമസമിതിയില്‍ ധരിപ്പിച്ചത്.
ആന്ധ്രയില്‍ സമാനമായ സംഭവം മുന്‍പും നടന്നിട്ടുണ്ട്. ബൗധയില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ട് പോയ പെണ്‍കുട്ടിയെ അനാശാസ്യത്തിന് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
ശോഭ സ്വദേശിയായ മഹേന്ദ്ര കുമാര്‍ സ്വയ്ന്‍ ആയിരുന്നു കുട്ടിയെ കടത്തിയത്. കുട്ടിയെ 40,000 രൂപയ്ക്ക് വാങ്ങിയതാണെന്നായിരുന്നു ഇയാളുടെ വാദം. ഇത്തരം സംഭവത്തില്‍ പലപ്പോഴും പ്രതിസ്ഥാനത്ത് മാതാപിതാക്കളാകുന്നുവെന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ.