ന്യൂഡൽഹി: പന്ത്രണ്ടു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കത്രിക ഉപയോഗിച്ചു മുഖത്തും ശരീരത്തും അടിച്ചും കുത്തിയും പരിക്കേൽപ്പിച്ച സംഭവത്തിൽ അന്വേഷണം പോലീസ് ഊർജിതമാക്കി.
പടിഞ്ഞാറൻ ഡൽഹിയിൽ പാസ്ചിം വിഹാർ പ്രദേശത്തെ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്പോഴാണ് അഞ്ജാതനായ ഒരാൾ പെൺകുട്ടിയെ പീഡിപ്പിച്ചതും കൊലപ്പെടുത്താൻ ശ്രമിച്ചതുമെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ എയിംസ് ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരിയും സമീപത്തെ വസ്ത്ര ഫാക്ടറിയിൽ ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ സമയത്തു പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
പെൺകുട്ടി താമസിക്കുന്ന കെട്ടിടത്തിൽ നിരവധി ആളുകൾ താമസിക്കുന്നുണ്ട്. കൂടുതലും ഫാക്ടറി തൊഴിലാളികളാണ്. ചൊവ്വാഴ്ച വൈകിട്ടാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടിയെ അയൽക്കാർ കണ്ടത്.
പോലീസ് അയൽവാസികളെ ചോദ്യം ചെയ്തു വരികയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി.
തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി എയിംസിലേക്ക് മാറ്റി.
സെക്ഷൻ 307 (കൊലപാതകശ്രമം), പോക്സോ ആക്ട് എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്നു രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി കമ്മീഷൻ ഫോർ വിമൻ(ഡിസിഡബ്ല്യു) പോലീസിനു നോട്ടീസ് അയച്ചു. എട്ടിനകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് പോലീസിനോടു കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.