മാഡ്രിഡ്: റെസ്റ്റോറന്റില്‍ നിന്ന് 13 കോടി രൂപ വിലമതിക്കുന്ന അമൂല്യമായ വൈന്‍ ബോട്ടിലുകള്‍ കവര്‍ന്ന കേസില്‍ മുന്‍ മെക്സിക്കന്‍ സൗന്ദര്യ റാണിക്കും പങ്കാളിക്കും നാലു വർഷം തടവ് വിധിച്ച് സ്പാനിഷ് കോടതി. 30-കാരിയായ പ്രിസില ഗുവേര, കോൺസ്റ്റാന്റിൻ ഡുമിത്രു എന്നിവർക്കാണ് ശിക്ഷ.
2021 ഒക്ടോബറിൽ സ്പെയിനിലെ കാസെറസ് നഗരത്തിലെ പ്രശസ്തമായ എല്‍ ആട്രിയോ റസ്റ്റോറന്റിലാണ് കവര്‍ച്ച നടന്നത്.
ഇവിടത്തെ വൈൻ സെല്ലാറിലേക്ക് കടന്നുകയറി 45 വൈന്‍ ബോട്ടിലുകളാണ് എടുത്തു കൊണ്ടുപോയത്. 310,000 യൂറോ വില വരുന്ന 19-ാം നൂറ്റാണ്ടിലെ വൈന്‍ അടക്കം അമൂല്യമായ വൈനുകളാണ് ഇവര്‍ കവര്‍ന്നത്.
യൂറോപ്പിലെങ്ങുമായി ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ്, കഴിഞ്ഞ ജൂലൈയിൽ ക്രൊയേഷ്യയില്‍ വച്ച് ഇവര്‍ പിടിയിലായത്.
എന്നാൽ വീഞ്ഞൊന്നും കണ്ടെടുത്തിട്ടില്ല. കവർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനായി ദമ്പതികൾ കുറഞ്ഞത് മൂന്ന് തവണയെങ്കിലും റെസ്റ്റോറന്റിൽ എത്തിയിട്ടുണ്ടെന്ന് എൽ പൈസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
കേസിൽ ശിക്ഷ വിധിച്ച കോടതി ഇവരെ ടാറ്റാനിയ, എസ്താനിസ്ലാവോ എന്ന് മാത്രമേ നാമകരണം ചെയ്തിട്ടുള്ളൂ.
ദമ്പതികളോട് 750,000 യൂറോയിലധികം ഇൻഷുറർമാർക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ശിക്ഷാവിധിക്കെതിരെ ദമ്പതികൾക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്.
മെക്സിക്കോയിൽ രണ്ട് സൗന്ദര്യ മല്‍സരങ്ങളില്‍ കിരീടം ചൂടിയ മോഡലാണ് പ്രിസില ലാറ.