കൊച്ചി: ഇന്ധനവിലയുടെ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ 13 -ാം ദിനവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 56 പൈസയും ഡീസലിന് 59 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ വില കൊച്ചിയില്‍ ലിറ്ററിന് 78.70 രൂപയായും ഡീസല്‍ വില 73.12 രൂപയുമായി ഉയര്‍ന്നു.
ഇന്നലെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.14 രൂപയും ഡീസല്‍ വില 72.53 രൂപയുമായിരുന്നു. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 80.07 രൂപയും ഡീസല്‍ വില 74.43 രൂപയുമായി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോള്‍ വില 79.51 രൂപയും ഡീസല്‍ വില 73.84 രൂപയുമായിരുന്നു.
സാധാരണക്കാരുടെ നടുവൊടിക്കുന്ന വില വര്‍ധനവില്‍ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ഉണ്ടാകുന്നുണ്ടെങ്കിലും ഒരു ദാക്ഷിണ്യവുമില്ലാതെയാണു വില വര്‍ധനവ് തുടരുന്നത്. കോവിഡ് 19 നെത്തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങില്ലെന്ന കണക്കുകൂട്ടലിലാണ് ബ്രേക്കില്ലാതെ വില വര്‍ധിപ്പിക്കുന്നതെന്നാണു സൂചന.
കഴിഞ്ഞ മാസം ആറിന് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടിയും റോഡ് സെസും കൂട്ടിയിരുന്നു. പെട്രോളിന് ലിറ്ററിന് പത്ത് രൂപയും ഡീസലിന് 13 രൂപയുമാണ് അന്ന് വര്‍ധിപ്പിച്ചത്. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് കമ്പനികള്‍ക്ക് ലഭിച്ചിരുന്ന അധികലാഭം തീരുവയായി കേന്ദ്രം ഈടാക്കുന്നതായിരുന്നു അന്നത്തെ നടപടി.
അതിനാല്‍, വില്പന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അധികവരുമാനം കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്നുവച്ചിരുന്നെങ്കില്‍ കഴിഞ്ഞ മാസം ഇന്ധനവില അറുപത് രൂപയ്ക്കടുത്ത് എത്തിയേനെ. എന്നാല്‍, വില്പന വിലയില്‍ കുറവ് വരുത്താതെ ഈ തുക കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുകയായിരുന്നു.
നിലവില്‍ വില്പന വില കുത്തനെ കൂട്ടുന്നതോടെ വരും നാളുകളില്‍ വിലക്കയറ്റവും രൂക്ഷമാകുമെന്നാണു വിവരങ്ങള്‍. ക്രൂഡ് ഓയില്‍ വില വര്‍ധനവിന്റെ പേരിലാണ് നിലവിലെ വില വര്‍ധന. ലോക്ക് ഡൗണ്‍ കാലത്ത് തുടര്‍ച്ചയായ 83 ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഏഴ് മുതലാണു ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്.
ദിവസവും അമ്പത് പൈസയോളം വര്‍ധിപ്പിച്ചതോടെ കഴിഞ്ഞ 13 ദിവസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 7.14 രൂപയുടെയും ഡീസലിന് 7.24 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്.