തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കും ഇടുക്കി ജില്ലയില്‍ നാലു പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ അഞ്ചു പേര്‍ തമിഴ്‌നാട്ടില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. മറ്റൊരാള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ചു വരികയാണ്. ബാക്കിയുള്ള ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ രോഗമുക്തി നേടി. 481 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 ആശുപത്രികളിലും കഴിയുന്നു.
104 പേരെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാന്പിളുകളില്‍ പരിശോധനാ ഫലം നെഗറ്റീവാണ്.
കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും ട്രക്ക് ഡ്രൈവറും ഉള്‍പ്പെടുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ടാണ് നാല്‍പ്പതുകാരനായ ഈ തൊഴിലാളി. മുട്ടമ്പലം സ്വദേശിയാണ് ഇയാള്‍.
കുഴിമറ്റം സ്വദേശിനിയായ 56-കാരിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവാണ് ഇവര്‍.
രോഗം സ്ഥിരീകരിച്ച മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (43) കോഴിക്കോട് ജില്ലയില്‍ പോയിരുന്നു എന്നണ് ലഭിക്കുന്ന വിവരം.
ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി (46) യാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാള്‍ ചങ്ങനാശേരിയിലാണ് താമസിക്കുന്നത്.
ഇയാള്‍ തൂത്തുക്കുടിയില്‍ പോയിരുന്നെന്നാണു വിവരം. സേലത്തുനിന്ന് വന്ന മേലുകാവുമറ്റം സ്വദേശിനിയായ ബാങ്ക് ജീവനക്കാരി (28) യാണ് കോവിഡ് ബാധിച്ച മറ്റൊരാള്‍.
കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകനും (40) കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ ്രെപെമറി കോണ്‍ടാക്ടാണ് ഇയാള്‍. വടവാതൂര്‍ സ്വദേശിയാണ് ഇദ്ദേഹം.
തിങ്കളാഴ്ച നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കി ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 24 ആയി. സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ് ഇവരില്‍ മൂന്നുപേരെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.
തൊടുപുഴ ഇടവെട്ടി കാരിക്കോട് തെക്കുംഭാഗത്ത് അമേരിക്കയില്‍നിന്നു പതിനേഴുകാരി, തിരുപ്പൂരില്‍നിന്ന് ഏപ്രില്‍ 11-ന് വന്ന ദേവികുളം സ്വദേശിയായ മുപ്പത്തെട്ടുകാരന്‍, നെടുങ്കണ്ടം പോത്തുകണ്ടത്ത് ചെന്നൈയില്‍നിന്ന് ഏപ്രില്‍ 14-ന് മാതാപിതാക്കളോടൊപ്പം എത്തിയ പതിനാലുകാരി, മൂന്നാര്‍ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന അറുപതുകാരന്‍ എന്നിവര്‍ക്കാണു തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍നിന്നു വന്ന പെണ്‍കുട്ടി മാര്‍ച്ച് 22-നാണ് കേരളത്തില്‍ എത്തിയത്.
ഇതില്‍ തൊടുപുഴ സ്വദേശിനിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. മൂന്നാര്‍ സ്വദേശിയെയും നെടുങ്കണ്ടം സ്വദേശിനി പെണ്‍കുട്ടിയെയും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.