ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന് നീതി ഇനിയും അകലെ. 13കാരന് ദുരൂഹമരണത്തില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും കേസില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ആദര്‍ശിന്റെ കുടുംബം ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആദര്‍ശിന്റെ മാതാപിതാക്കള്‍ പറയുന്നത്.
എന്നാല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇനിയും വന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. 11 വര്‍ഷം മുമ്പാണ് ആദര്‍ശ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്. പാല് വാങ്ങാനായി പോയ ആദര്‍ശിന്റെ മൃതദേഹം വഴിയരികിലെ കുളത്തില്‍ നിന്നാണ് കിട്ടിയത്.
മുങ്ങിമരണമെന്നു കരുതിയെങ്കിലും പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കും സുഷുമ്ന നാഡിക്കുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നു കണ്ടതോടെയാണ് കൊലപാതക സാധ്യത കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
കുടുംബത്തിന്റെ നിരന്തര ആവശ്യത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ക്രൈംബ്രാഞ്ച് പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജമുള്‍പ്പെടെ കണ്ടതിനാല്‍ കൊലപ്പെടുത്തിയ ശേഷം കുളത്തിലിട്ടെന്നാണ് കുടുംബത്തിന്റെ പരാതി. വെള്ളം കുടിച്ചാണോ മരണം എന്നതുള്‍പ്പെടെ മരണകാരണം കൃത്യമായി അറിയാനാണ് റീ പോസ്റ്റ്മോര്‍ട്ടത്തിലൂടെ ലക്ഷ്യമിട്ടത്.
എന്നാല്‍ റീ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ഒരു വര്‍ഷമായിട്ടും കിട്ടിയിട്ടില്ലെന്നതാണ് അന്വേഷണം മുമ്പോട്ടു പോകാത്തതിന്റെ കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
ഫൊറന്‍സിക് ലാബിലെ കാലതാമസവും അന്വേഷണസംഘത്തിന്റെ ഉപേക്ഷാഭാവവും ആദര്‍ശിന്റെ മാതാപിതാക്കള്‍ക്ക് തീരാവേദനയാണ് സമ്മാനിക്കുന്നത്…