വിജയതിലകം ! 13 വയസിനിടെ പാര്‍സല്‍ കമ്പനിയുടെ ഉടമയായ പയ്യന്റെ വിജയഗാഥ; കമ്പനി അതിവേഗം കുതിക്കുന്നത് 100 കോടി വിറ്റുവരവിലേക്ക്…

ക്ഷണനേരത്ത് ചിലരുടെ മനസ്സില്‍ ഉദിക്കുന്ന ആശയങ്ങള്‍ ലോകത്തെ തന്നെ മാറ്റിമറിച്ച ചരിത്രമുണ്ട്. മുംബൈയിലെ ഗരോഡിയ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി തിലക് മേത്തയുടെ മനസിലുദിച്ച ഒരു ആശയം ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സംരംഭമായി വികസിച്ചിരിക്കുകയാമ്. അമ്മാവന്റെ വീട്ടില്‍ മറന്നുവച്ച തന്റെ പ്രിയപ്പെട്ട പുസ്തകം എത്രയും വേഗത്തില്‍ തിരികെ എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധ്യമാകാതെ വന്നപ്പോഴാണ് തിലകിന്റെ ചിന്തകള്‍ വികസിച്ചത്.

അതേ ദിവസംതന്നെ ഡെലിവറി ചെയ്യാന്‍ കൊറിയര്‍ കമ്പനികള്‍ വലിയ തുകയാണു ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ദിവസംതന്നെ കുറഞ്ഞ തുകയില്‍ ചെറിയ പാഴ്‌സലുകള്‍ മുംബൈയില്‍ എവിടെയും എത്തിക്കാന്‍ പ്രായോഗികമായ ഒരു മാര്‍ഗം തിലക് കണ്ടെത്തി. പിഴവുകളില്ലാതെ സൂക്ഷ്മതയോടെയും കൃത്യതയോടെയും വേഗത്തിലും ഡെലിവറി ചെയ്യുന്നതില്‍ ആഗോള പെരുമ നേടിയ മുംബൈയിലെ ഡബ്ബാവാലകളുടെ പ്രവര്‍ത്തന രീതി തിലകിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയ്യായിരത്തിലേറെ ഡബ്ബാവാലകള്‍ ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് കൃത്യതയോടെ കുറഞ്ഞ സമയത്തിനുള്ളില്‍ ഉച്ചഭക്ഷണം എത്തിക്കുന്നത്.

അത്യാവശ്യക്കാര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ പാഴ്‌സലുകള്‍ എത്തിക്കാന്‍ ഡബ്ബാവാലകളുടെ പ്രവര്‍ത്തന രീതി പ്രായോഗികമാക്കാമെന്ന് തിലക് ചിന്തിച്ചു. അച്ഛന്റെ സഹകരണത്തോടെ 15 ദിവസം തുടര്‍ച്ചയായി രാപകല്‍ ഭേദമെന്യേ ഡബ്ബാവാലകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് അവരുടെ രീതികള്‍ നേരിട്ടു മനസിലാക്കി. തിലക് എന്ന പതിമൂന്നുകാരന്റെ പ്രാപ്തിയും കാര്യക്ഷമതയും ഡബ്ബാവാല സംഘത്തെപ്പോലും അതിശയിപ്പിച്ചു. കൊറിയര്‍ സംവിധാനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചതിനു ശേഷം അമ്മാവന്റെ സഹകരണത്തോടെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കി. അതാണ് പേപ്പേഴ്‌സ് എന്‍ പാര്‍സല്‍സ് (Papers N Parcels).

മുംബൈയില്‍ വസിക്കുന്ന ഏതൊരാള്‍ക്കും ഒരു ചെറിയ പാഴ്‌സല്‍ അതേ ദിവസംതന്നെ മുംബൈയിലെ മറ്റേതൊരു പ്രദേശത്തേക്കും നാലു മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ എത്തിക്കാവുന്ന ഒരു സംവിധാനം. അതും ശരാശരി 40രൂപ ചെലവില്‍. മുന്നൂറോളം ഡബ്ബാവാലകള്‍ ഡെലിവറി ചുമതല ഏറ്റെടുത്തു. ബാങ്ക് ജോലി ഉപേക്ഷിച്ച് അമ്മാവന്‍ ഖന്‍ശ്യാം കമ്പനിയുടെ സിഇഒ ചുമതല ഏറ്റെടുത്തു. കമ്പനിയില്‍ ഇപ്പോള്‍ 180 തൊഴിലാളികളുണ്ട്. അതിദ്രുതം വളരുന്ന കമ്പനിയുടെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് പയ്യന്‍ തിലകാണ്.

വൈകീട്ട് സ്‌കൂള്‍ വിട്ടു വന്നാലുടന്‍ തിലക് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. മുംബൈയില്‍ നിന്നു മറ്റു നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കമ്പനിക്ക് ഇപ്പോള്‍ത്തന്നെ നിരവധി കോര്‍പറേറ്റ് ഉപഭോക്താക്കളെ ലഭിച്ചുവരുന്നു. ദിവസേന ആയിരക്കണക്കിനു പാഴ്‌സലുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയുടെ വിറ്റുവരവ് ഈ വര്‍ഷംതന്നെ 100 കോടിയില്‍ എത്തുമെന്നു വിശ്വസിക്കുന്നു. നിരവധി സംരംഭക പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ തിലക് പല സര്‍വകലാശാലകളിലെയും മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കു സംരംഭകത്വത്തിന്റെ പാഠങ്ങളും അഭ്യസിപ്പിക്കുന്നു. 13 വയസ്സിനുള്ളില്‍ തന്നെ വിജയത്തിന്റെ തിലകക്കുറി അണിഞ്ഞിരിക്കുകയാണ് തിലക്.

Related posts