വർഷങ്ങൾക്കു മുന്‍പ് കടലിന്റെ വ്യതിയാനങ്ങൾ തിരിറിയാൻ ഉപയോഗിച്ചിരുന്ന മാർഗമാണ് കടലാസിൽ സന്ദേശങ്ങൾ എഴുതി കുപ്പിയ്ക്കുള്ളിലാക്കി കടലിലേക്ക് വലിച്ചെറിയുക എന്നത്. അത്തരത്തിൽ 132 വർഷങ്ങൾക്കു മുന്‍പ് കടലിലെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ ഒരു കുപ്പി കണ്ടെത്തി. ഓസ്ട്രേലിയയിലെ ഒരു കടൽത്തീരത്തു നിന്നും ടോണിയ ഇൽമാൻ എന്ന യുവതിക്കാണ് ഇത്തരത്തിൽ 1886ൽ നിക്ഷേപിച്ച ഒരു കുപ്പി ലഭിച്ചത്.
കടൽത്തീരത്തുകൂടി നടക്കുന്നതിനിടെ ലഭിച്ച കുപ്പിക്കുള്ളിൽ സന്ദേശമുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇവരുടെ മകന്റെ സുഹൃത്താണ്. 1886 ജൂണ്‍ 12 എന്ന തിയതിയും പൗള എന്ന കപ്പലിന്റെ പേരുമാണ് ഇതിൽ എഴുതിയിരുന്നത്.
ജർമൻ ഭാഷയിലാണ് ഇത് എഴുതിയിരുന്നത്. ഓസ്ട്രേലിയൻ മ്യൂസിയം അധികൃതരുടെ സഹായത്തോടെ നെതർലാൻഡിലും ജർമനിയിലും നടത്തിയ അന്വേഷണത്തിൽ നിന്ന് ഈ സന്ദേശം എഴുതിയത് ജർമൻ നാവിക പരീക്ഷണ പദ്ധതിയുടെ ഭാഗമായിരുന്ന പൗള കപ്പലിൽ നിന്നാണെന്ന് മനസിലാകുകയായിരുന്നു.
മാത്രമല്ല ഈ കപ്പലിനെക്കുറിച്ചുള്ള ചരിത്രരേഖകളിൽ നിന്നും ഇത് എഴുതിയ ക്യാപ്റ്റന്റെ കൈയക്ഷരവുമായി സന്ദേശം യോജിക്കുന്നതായും കണ്ടെത്തി. ഇത്തരത്തിൽ കടൽത്തിരകളുടെ ചലനവും കാലാവസ്ഥ വ്യതിയാനവും മനസിലാക്കുന്നതിന് 1964നും 1933നുമിടയിൽ ആയിരക്കണക്കിന് സന്ദേശങ്ങളാണ് കടലിൽ നിക്ഷേപിച്ചിട്ടുള്ളത്. ഇവയിൽ 662 എണ്ണം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.