അമൃത്സർ: മതത്തിന്റെ അടിസ്ഥാനത്തിൽ പക്ഷം ചേരരുതെന്ന് കേന്ദ്ര സർക്കാരിനോട് ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ. രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ തുടരവെയാണ് അകാലിദളിന്റെ മുതിർന്ന നേതാവ് പ്രകാശ് സിംഗ് ബാദലിന്റെ മുന്നറിയിപ്പ്.
രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ അത്ര മെച്ചമല്ല. ഇത് ആശങ്കാജനകമാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്. ഒരു സർക്കാരിനു വിജയകരമായി മുന്നോട്ടുപോകണമെങ്കിൽ ന്യൂനപക്ഷങ്ങളെയും ഒപ്പംകൂട്ടിയേ തീരൂ.
ഹിന്ദു, മുസ്ലിം, സിഖ്, ക്രൈസ്തവർ എന്നിവർക്കൊക്കെ ഈ കുടുംബത്തിൻറെ ഭാഗമാണെന്നു തോന്നലുണ്ടാകണം. അവർക്കിടയിൽ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുതെന്നും ബാദൽ അമൃത്സറിൽ പറഞ്ഞു.
രാജ്യത്തിന് മതേതരവും ജനാധിപത്യപരവുമായ ഭരണമാണ് ഉണ്ടായിരിക്കേണ്ടതെന്നു ഭരണഘടനയിൽ എഴുതിയിട്ടുണ്ട്. മതേതരത്വത്തിന്റെ പവിത്രമായ തത്ത്വങ്ങളിൽനിന്നു വ്യതിചലിക്കുന്നത് നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്തും.
ഇന്ത്യയെ ഒരു മതേതര ജനാധിപത്യരാജ്യമായി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും ബാദൽ പറഞ്ഞു.
നിലവിൽ ബിജെപിയും അകാലിദളും തമ്മിൽ അത്ര ചേർച്ചയിലല്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി സഖ്യകക്ഷിയായ അകാലിദൾ തീരുമാനിച്ചിരുന്നു. സീറ്റ് തർക്കമായിരുന്നു കാരണം.