ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം വഴിപാടായി സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്. 32 പവന് തൂക്കമുള്ള സ്വര്ണ്ണക്കീരിടം 14 ലക്ഷത്തിലേറെ വില വരുന്നതാണ്.
ചെന്നൈയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷമാണ് ദുര്‍ഗ ഗുരുവായൂരപ്പന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. തുലാഭാരം അടക്കമുള്ള വഴിപാടുകളും നടത്തി.
ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് സ്വര്‍ണ്ണ കിരീടം തയ്യാറാക്കിയത്. മുന്‍പ് പലതവണ ദുര്‍ഗ സ്റ്റാലിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് നേരത്തെ തന്നെ ക്ഷേത്രത്തില്‍ നിന്നു വാങ്ങിയിരുന്നു.
മയില്‍ പീലി ആലേഖനം ചെയ്ത് കൊത്തുപണികളോട് കൂടി മനോഹരമായ കിരീടമാണ് ദുര്‍ഗ സമര്‍പ്പിച്ചിരിക്കുന്നത്.
കിരീടത്തിന് പുറമെ ക്ഷേത്രത്തിലെ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന തേഞ്ഞ ചന്ദന മുട്ടികള്‍ അരയ്ക്കാന്‍ കഴിയുന്ന മെഷീനും ഇവര്‍ വഴിപാടായി സമര്‍പ്പിച്ചു. രണ്ടു ലക്ഷം രൂപയോളം വിലയുള്ള മെഷീന് ഗുരുവായൂരിലെത്തിച്ചു.
ഇത്തരത്തില്‍ ആയിരക്കണക്കിനു തേഞ്ഞ ചന്ദന മുട്ടികളാണ് ക്ഷേത്രത്തില്‍ കെട്ടിക്കിടക്കുന്നത്.
കോടികള്‍ വിലമതിക്കുന്ന ഇവ ദേവസ്വത്തിന് വില്‍ക്കാനോ ലേലം ചെയ്യാനോ അധികാരമില്ല. വനംവകുപ്പിനു മാത്രമാണ് ഈ ചന്ദനമുട്ടികള്‍ കൈമാറ്റം ചെയ്യാന്‍ അധികാരമുള്ളത്.
തൃശൂര്‍ പൂത്തോള്‍ ആര്‍എം സത്യം എന്‍ജിനീയറിങ് ഉടമ കെ.എം.രവീന്ദ്രനാണ് മെഷീന് രൂപകല്പന ചെയ്തത്.
മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാനക്കുട്ടിയെ ഗുരുവായൂരില്‍ നടയ്ക്ക് ഇരുത്തിയിരുന്നു.