ഉത്തര്‍പ്രദേശില്‍ 14കാരനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പലചരക്ക് കടയില്‍ നിന്ന് 600 രൂപ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് 14കാരനെ മണിക്കൂറുകളോളം തല്ലിയതെന്ന് പരാതിയില്‍ പറയുന്നു.
ഓഗസ്റ്റ് 22ന് ഷാജഹാന്‍പൂര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ തല്ലുന്ന ദാരുണമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ദലിത് ബാലനെയാണ് മര്‍ദ്ദിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ എസ്സി/ എസ്ടി നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് കുട്ടിയെ തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയുടമയായ മുകേഷ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും പോലീസ് പറയുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ കൂലിവേല ചെയ്യുന്നവരാണ്. പലചരക്ക് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയ സമയത്ത് കടയുടമ അവിടെ എത്തി തന്റെ മുഖത്തടിച്ചതായി കുട്ടി പറയുന്നു.
‘ഞാന്‍ കടയില്‍ നിന്ന് പണം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് കടയുടമയോട് കേണപേക്ഷിച്ചു.വീട്ടില്‍ അതിക്രമിച്ച് കയറി തെരച്ചില്‍ നടത്തിയ കടയുടമ പലതും വാരിവലിച്ചിട്ട് നശിപ്പിച്ചു. പിന്നീട് എന്നെ പുറത്തേയ്ക്ക് വലിച്ചിഴച്ചു. നാട്ടുകാര്‍ നോക്കിനില്‍ക്കേ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. എന്നെ കള്ളന് എന്ന് വിളിച്ചു കളിയാക്കുകയും ചെയ്തു’- ആറാം ക്ലാസുകാരന് പറയുന്നു.
വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറയുന്നു.