ലോകത്ത് കുടിവെള്ളത്തിനോളം പ്രാധാന്യമുള്ള വസ്തുക്കള് കുറവാണ്. ഇന്ന് ലോകമെമ്പാടും നിരവധി ആളുകളാണ് ശുദ്ധജല ദൗര്ലഭ്യം മൂലം ദുരിതമനുഭവിക്കുന്നത്.
മഹാരാഷ്ട്രയിലെ വിദൂരഗ്രാമമായ പല്ഗാറില് ശുദ്ധജല ലഭ്യത വളരെ കുറവാണ്. കിലോമീറ്ററുകള് സഞ്ചരിച്ചു വേണം ഗാര്ഹിക ആവശ്യങ്ങള്ക്കായുള്ള വെള്ളം എത്തിക്കാന്.
കുടി വെള്ളത്തിനായുള്ള അമ്മയുടെ കഷ്ടപ്പാട് പ്രണവ് രമേശ് എന്ന 14 കാരനെ എത്തിച്ചത് വലിയൊരു ആശയത്തിലേക്കായിരുന്നു.
ഈ കഷ്ടപ്പാടിന് ഒരു അറുതി വരണമെങ്കില് സ്വന്തമായി ഒരു കിണര് കുത്തണമെന്ന ചിന്ത ആ ബാലന്റെ മനസ്സില് ഊട്ടിയുറക്കപ്പെട്ടു.
കടുത്ത വേനലിനെ അവഗണിച്ചായിരുന്നു പ്രണവിന്റെ കിണര് നിര്മാണം. മണ്വെട്ടിയും മണ്കോരിയും ഏണിയുമായിരുന്നു പണിയായുധങ്ങള്.
ഉച്ചയ്ക്ക് 15 മിനിറ്റ് ഇടവേള ഉച്ചഭക്ഷണത്തിനായി എടുക്കും. നാളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി കിണറ്റിലെ ഉറവയില് നിന്നും ശുദ്ധ ജലം കുതിച്ചൊഴുക്കുന്ന കാഴ്ച അവന്റെ കണ്ണു നിറച്ചു.
പരിശ്രമം വിജയിച്ചപ്പോള് ‘ഇനി അമ്മയ്ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടതില്ല’ എന്ന് ചിരിച്ചുകൊണ്ട് പ്രണവ് പറഞ്ഞു.
സ്വന്തം നാട്ടില് മാത്രമല്ല സമീപത്തെ ഗ്രാമപ്രദേശത്തും ഇപ്പോള് പ്രണവ് ഹീറോ ആണ്. സ്കൂളില് നിന്നും വിദ്യാര്ഥികളും അധ്യാപകരും പ്രണവിന്റെ വീട്ടിലെത്തി ആശംസിച്ചു.
പ്രണവിന്റെ ഈ കഠിനാധ്വാനത്തിന്റെ വാര്ത്ത തദ്ദേശ ഭരണകൂടത്തിന്റെ ശ്രദ്ധയിലുമെത്തി. അവര് ഒരു ടാപ് പ്രണവിന്റെ വീട്ടില് സ്ഥാപിച്ചുകൊടുത്തു.
ജില്ലാ ഭരണകൂടം സമ്മാനമായി 11,000 രൂപയും കുട്ടിക്കു നല്കി. പ്രണവിനും കുടുംബത്തിനും കെട്ടുറപ്പുള്ള വീട് നിര്മിച്ചുനല്കാനുള്ള പദ്ധതിയും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്.
പ്രകൃതിയെ ഒരുപാട് ഇഷ്ടമുള്ള പ്രണവ് നേരത്തെയും ഇത്തരം പരീക്ഷണങ്ങള് നടത്തിയിട്ടുണ്ട്. സോളര് പാനലുകള് ഒരു മോട്ടോര്സൈക്കിള് ബാറ്ററിയുമായി ഘടിപ്പിച്ച് തന്റെ കുടിലില് പ്രകാശമെത്തിക്കാനും അവന് ശ്രമിച്ചിരുന്നു.
കര്ഷകത്തൊഴിലാളികളായ രമേഷിന്റെയും ദര്ശനയുടെയും നാലു മക്കളില് ഏറ്റവും ഇളയ ആളാണ് പ്രണവ്. പ്രദേശത്തെ ആദര്ശ് വിദ്യാമന്ദിറിലെ ഒന്പതാം ക്ലാസ് വിദ്യാര്ഥിയാണ് ഈ കുട്ടി.