നെടുമ്പനയില്‍ പതിനാലുകാരന്‍ ജിത്തുജോണിനെ കൊലപ്പെടുത്തിയകേസില്‍ റിമാന്‍ഡിലായ മാതാവ് ജയമോളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ചുമതലയുള്ള സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. 22ന് ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്‌തെങ്കിലും അടുത്ത ബന്ധുക്കളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ജിത്തുവിന്റെ മരണത്തില്‍ മനംനൊന്ത് കഴിയുകയാണ് ബന്ധുക്കള്‍. ജയമോള്‍ നല്‍കിയ മൊഴി വാസ്തവവിരുദ്ധമാണെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശിയും പോലീസിനെ അറിയിച്ചിട്ടുണ്ട്.
സ്വത്തിനുവേണ്ടി തര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് അവരുടെ വിശദീകരണം. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന ജയമോളുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. അവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. അതേസമയം സംഭവത്തില്‍ മകളുടെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്. ജിത്തുവിന്റെ സ്നേഹം നഷ്ടപ്പെടുമെന്ന് അമ്മ ജയമോള്‍ ഭയന്നിരുന്നതായി മകള്‍ പറഞ്ഞു. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. അച്ഛന്റെ വീട്ടില്‍ പോയി വരുമ്പോഴെല്ലാം ജിത്തു അമ്മയോട് ദേഷ്യപ്പെട്ടിരുന്നു. അമ്മ രൂക്ഷമായി പ്രതികരിക്കും. പിന്നീട് സാധാരണ നിലയിലാകുന്നതിനാല്‍ ചികില്‍സിച്ചില്ല. അമ്മയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചെന്നും മകള്‍ പറഞ്ഞു.
അതേസമയം ജിത്തുവിനെ അമ്മ കൊലപ്പെടുത്താന്‍ കാരണമായത് വസ്തുഓഹരി തര്‍ക്കമല്ലെന്ന് മുത്തച്ഛന്‍ പറഞ്ഞു. കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്നുമാണ് മുത്തച്ഛന്‍ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണും പറയുന്നത്. കുരീപ്പള്ളിയിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനത്തില്‍ ട്യൂഷന്‍ കഴിഞ്ഞ് ദിവസവും മുത്തച്ഛനെയും മുത്തശ്ശിയെയും കാണാന്‍ ജിത്തു എത്തുമായിരുന്നു. അന്ന് സ്‌കൂള്‍ ഇല്ലാതിരുന്നതിനാല്‍ വൈകീട്ട് കളികഴിഞ്ഞ് പതിവുപോലെ ജിത്തു മുത്തച്ഛന്റെ വീട്ടിലെത്തിയിരുന്നു.
അച്ഛന്റെ സഹോദരി സുനിത ജി.ജോണിന്റെ മക്കളെ ടെലിഫോണില്‍ വിളിച്ച് ജന്മദിനാശംസകളും നേര്‍ന്നു. മുത്തശ്ശിയുടെ കൈയില്‍നിന്ന് ചായയും വാങ്ങിക്കുടിച്ച് കവിളില്‍ മുത്തവുംനല്‍കി ആറുമണിയോടെയാണ് വീട്ടിലേക്കുമടങ്ങിയത്. രാത്രി പത്തുമണിയോടെ ജിത്തുവിനെ കാണാനില്ലെന്ന വിവരമാണ് അറിയുന്നത്. ഞെട്ടിക്കുന്ന വാര്‍ത്തകേട്ട് ഇരുവരും അന്വേഷണത്തില്‍ പങ്കാളികളായി. രണ്ടുദിവസം കഴിഞ്ഞ് ഇടിത്തീപോലെയെത്തിയ, കൊച്ചുമകന്റെ മരണവാര്‍ത്തയുടെ ഞെട്ടലില്‍നിന്ന് ഇവര്‍ ഇനിയും മോചിതരായിട്ടില്ല. ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു.