ലോക്ഡൗണില്‍ റോഡിലിറങ്ങിയാല്‍ പോലീസ് പൊക്കുമെന്ന് ഭയന്ന് പിതാവ് വീട്ടിലിരുന്നപ്പോള്‍ സൈക്കിള്‍റിക്ഷയുമായി റോഡിലിറങ്ങി 14കാരി. ബിഹാറിലെ സസാരം ജില്ലയിലെ ലോക്ക് ഡൗണിലെ കാഴ്ചകളില്‍ ഒന്നായി മാറുകയാണ് നന്ദിനി കുമാരി.
പിതാവിന് ജോലി ചെയ്യാന്‍ സാഹചര്യം ഇല്ലാതായതിനെ തുടര്‍ന്നായിരുന്നു യാത്രക്കാരുമായി സവാരി പോകാന്‍ സൈക്കിള്‍ റിക്ഷയുമായി നന്ദിനി തെരുവിലെത്തിയത്.
പോലീസ് ഇടപെടലില്‍ റിക്ഷാ സവാരിക്ക് താല്‍ക്കാലികമായി വിട പറഞ്ഞ് പിതാവ് കൂലിപ്പണിക്ക് പോകാന്‍ തുടങ്ങിയതോടെയാണ് നന്ദിനി കുമാരി ഒരു മാസമായി പകരക്കാരിയായത്. ദിവസം 100 മുതല്‍ 200 രൂപ വരെ ഇതിലൂടെ നന്ദിനി കുമാരി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസം കാര്യമായി ലഭിച്ചിട്ടില്ലെങ്കിലും ഗതാഗത നിയമങ്ങള്‍ നന്ദിനി കുമാരിക്ക് മനപ്പാഠമാണ്. എല്ലാം പാലിച്ചാണ് ആള്‍ക്കാരേയും കയറ്റി പോകുന്നത്. പെണ്‍കുട്ടിയുടെ ധൈര്യത്തെ പലരും പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്.
പ്രതിസന്ധി കാലഘട്ടത്ത് മാതാപിതാക്കളെ ഒരു പെണ്‍കുട്ടിക്ക് എങ്ങിനെ സഹായിക്കാനാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നന്ദിനി ദേവിയെന്നാണ് പതിവ് യാത്രക്കാരുടെ പ്രതികരണം.
കഴിഞ്ഞ മാസം പിതാവിന് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു നന്ദിനി വാടക റിക്ഷ ഏറ്റെടുത്തത്. സ്ത്രീകളാണ് തന്റെ കൂടുതല്‍ സവാരിക്കാര്‍ എന്നും പെണ്‍കുട്ടി പറയുന്നു.
നേരത്തേ കര്‍ണാടകയിലെ ഉഡുപ്പിയില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് ഓട്ടം പോയ ആശാ വര്‍ക്കര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതിനു പിന്നാലെയാണ് നന്ദിനിയുടെ വാര്‍ത്ത വരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആ സംഭവം. പുലര്‍ച്ചെ മൂന്നു മണിയോടെ പ്രസവവേദന തുടങ്ങിയ സ്ത്രീയെ ആശാവര്‍ക്കറായ രാജീവി 20 കിലോമീറ്റര്‍ അകലെയുള്ള ഉഡുപ്പിയിലെ ഉഡുപ്പിയിലെ വനിതാ ശിശുക്ഷേമ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സുല്ലിയ സ്വദേശിനിയായ രാജീവി ഭര്‍ത്താവിന്റെ വീടായ പേര്‍നാനികിലയിലാണ് താമസിക്കുന്നത്. ധര്‍മ്മസ്ഥല പ്രാദേശിക വികസന പദ്ധതിയുടെ ഭാഗമായ സ്ത്രീ ശക്തി സ്വയം സഹായ സംഘത്തിന്റെ ഭാഗമാണ്. സ്വന്തമായുള്ള രണ്ട് ഓട്ടോയില്‍ ഒരെണ്ണമാണ് രാജീവി ഓടിച്ചത്.
2000 മുതല്‍ ഓട്ടോറിക്ഷ ഓടിക്കുന്ന രാജീവി ഗര്‍ഭിണികളെ ആശുപത്രിയില്‍ എത്തിക്കാനുള്ള യാത്ര ഇവര്‍ സൗജന്യമായിട്ടാണ് നല്‍കുന്നത്. വൈകിട്ട അഞ്ച് മണി വരെ ആശാ വര്‍ക്കറായി ജോലി ചെയ്യുന്ന രാജീവി രാത്രി ഒമ്പത് മണിക്ക് ശേഷം സ്ത്രീകള്‍ക്ക് മാത്രമുള്ള സവാരിക്കായി ഓട്ടോറിക്ഷയും ഓടിക്കാറുണ്ട്.
സാധാരണ ഗതിയില്‍ സ്വകാര്യ ബസുകള്‍ അധികം സര്‍വീസ് ഇല്ലാത്ത പേര്‍നാനികിലയില്‍ അഞ്ചു മണിക്ക് ശേഷം സ്ത്രീകള്‍ ഒറ്റപ്പെട്ടു പോയാല്‍ അവരെ സുരക്ഷിതമായി അവരുടെ വീടുകളില്‍ എത്തിക്കാനും രാജീവി രംഗത്തുണ്ടാകാറുണ്ട്.
സ്വന്തം ഓട്ടോയില്‍ അവരെ വീട്ടിലെത്തിച്ച് രാജീവി മടങ്ങാറ്. പേര്‍നാനികില ഗ്രാമ പഞ്ചായത്തിലെ സ്വച്ഛ് ഭാരത് മിഷന്‍ അംബാസഡര്‍ കൂടിയാണ് ഇവര്‍. 2009 ലാണ് ആശാ വര്‍ക്കറായത്.