ഒരു വര്‍ഷം മുമ്പ് കോവളത്ത് 14 വയസ്സുകാരിയെ കൊലപ്പെടുത്താനുണ്ടായ സാഹചര്യം തെളിവെടുപ്പിനിടെ തുറന്നു പറഞ്ഞ് പ്രതികള്‍.
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് പുറത്തു പറയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊന്നതെന്നും പ്രതികള്‍ പോലീസിനോടു സമ്മതിച്ചു.
തല ഭിത്തിയിലിടിപ്പിച്ച് വീഴ്ത്തിയ ശേഷം ചുറ്റികകൊണ്ട് അടിക്കുകയായിരുന്നെന്നും പ്രതികളായ റഫീഖാ ബീവിയും മകന് ഷെഫീഖും തെളിവെടുപ്പിനിടെ തുറന്ന് പറഞ്ഞു.
2021 ജനുവരി 14ന് സംഭവിച്ചശേഷം 2022 ജനുവരിയില്‍ മാത്രം തെളിഞ്ഞതാണ് കോവളം ആഴാംകുളത്തെ പതിനാലുകാരിയുടെ കൊലപാതകം.
യഥാര്‍ഥ പ്രതികള്‍ പിടിയിലാകും വരെ കുട്ടിയുടെ രക്ഷിതാക്കളെ പ്രതിയെന്നു സംശയിച്ച് പൊലീസ് പീഡിപ്പിച്ചതും പുറത്തുവന്നതോടെ കേസ് ചര്‍ച്ചയായി.
കേസിന്റെ തെളിവെടുപ്പിലാണു പ്രതികളായ റഫീഖാ ബീവിയും മകന് ഷെഫീഖും കൊല നടത്തിയ രീതി ഏറ്റുപറഞ്ഞത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനു സമീപത്താണ് റഫീഖാ ബീവിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നത്.
ഷഫീഖ് കുട്ടിയുമായി അടുപ്പത്തിലാവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇക്കാര്യം പുറത്തുപറയുമെന്നു പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു.
ഇതോടെ വീട്ടില്‍ ആരുമില്ലാതിരുന്ന ദിവസം റഫീഖയും ഷെഫീഖും പെണ്‍കുട്ടിയുടെ അടുത്തെത്തി.
വാക്കുതര്‍ക്കത്തിനിടെ റഫീഖാ കുട്ടിയുടെ തലപിടിച്ചു ഭിത്തിയിലിടിച്ചു. നിലത്തു വീണതോടെ ഷഫീഖ് ചുറ്റികകൊണ്ടു തലയ്ക്കടിച്ചു.
കുട്ടിയുടെ ബോധം പോയതോടെ ഇരുവരും ആയുധങ്ങളുമെടുത്തു വീട്ടിലേക്കു മടങ്ങി. കൊലയ്ക്കു ശേഷം കുട്ടിയുടെ രക്ഷിതാക്കളില്‍ കുറ്റം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തിയത്.
അതോടെയാണ് യഥാര്‍ഥ പ്രതികളെ സംശയിക്കാതെ രക്ഷിതാക്കളെ ദിവസങ്ങളോളം പൊലീസ് ചോദ്യം ചെയ്തു പീഡിപ്പിച്ചത്.
ഒടുവില്‍ വിഴിഞ്ഞം മുല്ലൂരില്‍ വയോധികയുടെ കൊലപാതകത്തില്‍ പിടിയിലായതോടെയുള്ള ചോദ്യം ചെയ്യലിലാണ് ഈ കൊലപാതകത്തിന്റെയും ചുരുളഴിയുന്നത്.