കീവ്: യുക്രെയ്ൻ പറയുന്നു, നാലു ജനറൽമാർ ഉൾപ്പെടെ റഷ്യയുടെ 14,000 സൈനികരെ തീർത്തെന്ന്…
യുക്രെയ്ൻ ആക്രമണം നാലാം ആഴ്ചയിലേക്ക് പ്രവേശിച്ചപ്പോഴും യുദ്ധ വിജയം നേടാനാവാതെ റഷ്യ പരുങ്ങുകയാണ്.
ചെറിയ യുദ്ധ സംവിധാനങ്ങളും റഷ്യയെ അപേക്ഷിച്ച് ചെറിയ സൈന്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി നടത്തുന്ന ചെറുത്തുനിൽപ്പ് ആണ് റഷ്യയുടെ പ്രതീക്ഷകളുടെ മേൽ കരിനിഴൽ വീഴ്ത്തുന്നത്.
സെലൻസ്കി ആവട്ടെ നേരിട്ടല്ലെങ്കിലും നാറ്റോ രാജ്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ നെഞ്ചുംവിരിച്ച് നിന്ന് യുദ്ധക്കളത്തിൽ നേതൃത്വം നൽകുകയും ചെയ്യുന്നു.
റഷ്യ-യുക്രെയ്ൻ ചർച്ചകളിൽ നേരിയ പ്രതീക്ഷകൾ വന്നെങ്കിലും യുദ്ധം നിർത്താൻ മാത്രമുള്ള സമവാക്യങ്ങളൊന്നും രൂപപ്പെട്ടിട്ടില്ല. റഷ്യൻ സൈനികർ ഏറെയും കൊല്ലപ്പെട്ടിരിക്കുന്നത് കരമാർഗമുള്ള യുദ്ധത്തിലൂടെയാണ്.
കുലുക്കമില്ലാതെ പുടിൻ
14,000 സൈനികർ, 444 ടാങ്കുകൾ, 1435 കവചിത വാഹനങ്ങൾ, 86 യുദ്ധവിമാനങ്ങൾ എന്നിവയെല്ലാം തകർത്ത് യുക്രെയ്ൻ ചെറുത്തുനിൽപ്പ് തുടരുന്പോഴും കുലുക്കമില്ലാതെ പുടിനും തുടരുകയാണ്.
യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധത്തിൽ റഷ്യയുടെ സാന്പത്തിക രംഗം താറുമാറായിട്ടുണ്ട്. റഷ്യയിൽ യുദ്ധവിരുദ്ധ വികാരം ശക്തമായി വരുന്നു. ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവരുന്നു. എന്നിട്ടും പുടിന് കുലുക്കമില്ലാതെ ഇരിക്കുന്നു.
ആയുധസംഭരണ കേന്ദ്രം തകർത്തു
യുക്രെയ്ൻ സൈന്യത്തിന്റെ ആയുധ സംഭരണ കേന്ദ്രങ്ങൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയും അറിയിച്ചു. സുഖോയ് യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടു.