കൊച്ചി: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ കുടുങ്ങിയത് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ.
കേസിൽ മട്ടാഞ്ചേരി സ്വദേശി സാബു ജോസഫ് (54) നെ എറണാകുളത്തു നിന്നും സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടുമായി യാതൊരു ബന്ധവുമില്ലാത്ത ആളായിരുന്നു സാബു.
സംഭവത്തിനു ശേഷം ഫോണ് സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ മുങ്ങി. തുടർന്നാണ് പോലീസ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ സാബു ജോലി സമയത്ത് വിദ്യാർഥിയെ സെക്യൂരിറ്റി ക്യാബിനിലേക്ക് വിളിച്ച് മൊബൈൽ ഫോണിലെ കുറച്ച് വീഡിയോസ് ഡിലീറ്റ് ചെയ്ത തരണമെന്ന് ആവശ്യപ്പെട്ടു.
ഇതുപ്രകാരം ക്യാബിനിലെത്തിയ വിദ്യാർഥിയെ ഇയാൾ അശ്ലീല വീഡിയോ കാണിക്കുകയും വിദ്യാർഥിയുടെ ശരീരത്തിൽ മോശമായി തൊടുകയും ചെയ്യുകയായിരുന്നു.
എതിർത്ത കുട്ടി അധ്യാപകരെ വിവരം അറിയിച്ചു. പിന്നാലെ രക്ഷിതാക്കൾക്കൊപ്പം എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി കുട്ടി പരാതിയും നൽകി.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. സെക്യൂരിറ്റി ഏജൻസി വഴിയാണ് ഇയാൾ ജോലിക്ക് പ്രവേശിച്ചത്.
പോക്സോ പ്രകാരമുള്ള കേസാണ് സാബുവിനെതിരേ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.