ഫ്ളോറിഡ: അച്ചടക്കം പഠിപ്പിക്കാൻ ഒന്‍പതു വയസുകാരിയുടെ ശരീരത്തിൽ 147 കിലോ ഭാരമുള്ള സ്ത്രീ കയറിയിരുന്നു. ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചു. യുഎസ് സംസ്ഥാനമായ ഫ്ളോറിഡയിൽ ശനിയാഴ്ചയായിരുന്നു സംഭവം.
ഡെറിക ലിൻഡ്സേ എന്ന കുരുന്നാണ് ബന്ധുവായ സ്ത്രീയുടെ ക്രൂരതയിൽ കൊല്ലപ്പെട്ടത്. വികൃതി കാണിച്ച കുഞ്ഞിനെ അടക്കിയിരുത്താൻ ബന്ധുവായ വെറോനിക്ക ഗ്രീൻ പോസി എന്ന സ്ത്രീ കുഞ്ഞിന്റെ ശരീരത്തിൽ കയറി ഇരിക്കുകയായിരുന്നു. ഉടൻതന്നെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
കുട്ടിയോടു ക്രൂരത കാണിച്ചു എന്ന കുറ്റം ചുമത്തി വെറോനിക്കയെ പോലീസ് അറസ്റ്റ് ചെയ്തു. വികൃതി കാട്ടിയ കുഞ്ഞിനെ അച്ചടക്കം പഠിപ്പിക്കാൻ, കസേരയിലിരുന്ന കുഞ്ഞിന്റെ ശരീരത്തിൽ താൻ കയറി ഇരിക്കുകയായിരുന്നെന്നു വെറോനിക്ക പോലീസിനോടു പറഞ്ഞു. ഇവർക്കു 147 കിലോ(325 പൗണ്ട്) ഭാരമുണ്ടെന്നു പിന്നീടു പരിശോധനയിൽ വ്യക്തമായി.
കുട്ടിക്കുനേരെ നടന്ന ക്രൂരത റിപ്പോർട്ട് ചെയ്യാതിരുന്നതിനു മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. എസ് കാംന്പിക കൗണ്ടി ജയിലിടച്ച മൂന്നുപേരിൽ കുറ്റക്കാരിയായ വെറോനിക്കായെ ജാമ്യത്തിൽ വിട്ടയച്ചു. മാതാപിതാക്കൾ ജയിലിൽ തുടരുകയാണ്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്