മുംബൈ: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകി കൊണ്ടുള്ള വിധിക്ക് ശേഷം തനിക്ക് നേരെ ഭീഷണിയുണ്ടായിയെന്ന് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്. ശബരിമല വിധിക്ക് ശേഷം സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയുണ്ടായി. കിട്ടിയതിലേറെയും ഭയപ്പെടുത്തുന്ന സന്ദേശങ്ങളെന്നും മുംബൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ശബരിമല വിധിക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ വന്ന സന്ദേശങ്ങളിൽ പലതും ഭയപ്പെടുത്തുന്നവ ആയിരുന്നു. അവ വായിക്കരുതെന്ന് ലോ ക്ലർക്കുമാരും ഇന്റേണ്‍സും ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാരുടെ സുരക്ഷയിൽ ഉള്ള ആശങ്ക മൂലം അവരിൽ പലരുടെയും ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.
യുവതീ പ്രവേശന വിധിയിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. സ്ത്രീകളെ അകറ്റിനിർത്തുന്ന സന്പ്രദായം തൊട്ടുകൂടായ്മയ്ക്ക് തുല്യമാണ്. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചാവണം ജഡ്ജിമാർ തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.
യുവതീപ്രവേശനം അനുവദിച്ച വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റീസ് ചന്ദ്രചൂഡ്. വിഷയത്തിൽ ജസ്റ്റീസ് ഇന്ദു മൽഹോത്ര സ്വീകരിച്ച വേറിട്ട നിലപാടിനെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.