അമേരിക്കയുടെ നിഗൂഢ സൈനിക കേന്ദ്രം ഏരിയ 51 റെയ്ഡ് ചെയ്യാന്‍ ധാരാളം പേര്‍ നാളെ (സെപ്റ്റംബര്‍ 20) നെവാഡയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഏരിയ51 മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) ഏരിയ 51 ന് മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയതായി അറിയിച്ചു.
ഈ റൂട്ടുകളില്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. യുഎസ് വ്യോമസേന ഉപയോഗിക്കുന്ന സൈനിക പരിശീലന മേഖലയായ നെവാഡ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ചിന് സമീപം, നെവാഡയിലെ റേച്ചലിന് തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് ഈ ആഴ്ച ആദ്യം തന്നെ എഫ്എഎ രണ്ട് നോട്ടാമുകള്‍ പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബര്‍ 18 ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ 23 തിങ്കളാഴ്ച വരെയാണ് നിരോധനം.
1950 കള്‍ മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന പ്രദേശമായ ഏരിയ 51 വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം ഏതാണെന്ന ചോദ്യത്തിനു വര്‍ഷങ്ങളായി സൈബര്‍ ലോകത്ത് മുഴങ്ങുന്ന ഉത്തരം ഏരിയ 51 എന്നാണ്. അമേരിക്കന്‍ സൈന്യത്തിന്റെ അതീവരഹസ്യമായ ഈ കേന്ദ്രത്തിലേക്കു മാര്‍ച്ച് ചെയ്യാനൊരുങ്ങുകയാണ് ഒരു പറ്റം യുവാക്കള്‍. സെപ്റ്റംബര്‍ 20-നു പുലര്‍ച്ചെ അവിടേയ്ക്കു മാര്‍ച്ച് ചെയ്യുമെന്നാണ് ഫെയ്സ്ബുക്ക് കൂട്ടായ്മ അറിയിച്ചിരിക്കുന്നത്. ഏതാണ്ട് 15 ലക്ഷത്തോളം പേരാണ് ഇതിനെ പിന്തുണച്ചിരിക്കുന്നത്. ഒടുവില്‍ തമാശക്കളിക്കു മുതിരരുത്, തീക്കളിയായി മാറുമെന്ന മുന്നറിയിപ്പുമായി യുഎസ് സൈന്യം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.
1950 കളിലാണ് അസാധാരണമായ എന്തോ ഒന്ന് ഈ പ്രദേശത്ത് ഉള്ളതായി ജനങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. വിമാനത്തിന്റെ വേഗതയില്‍ അസാധാരണമായ എന്തോ ഒന്ന് രാത്രികാലങ്ങളില്‍ ഭൂമിയെ തൊടുന്നതായി വാര്‍ത്തകള്‍ പരന്നു. 1959 ജൂണ്‍ 17 ന് റെനോ ഈവനിങ് ഗസറ്റെ പത്രം ഈ അസാധാരണ പ്രതിഭാസത്തെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചു. നേര്‍ത്ത പച്ചനിറത്തില്‍ വിമാനത്തിന്റെ വേഗതയില്‍ ഭൂമിയെ തൊടുന്ന ആ അസാധാരണ വസ്തു ലോകമെമ്പാടും സംസാര വിഷയമായി.
അമേരിക്ക ആധുനിക ആയുധങ്ങള്‍ വികസിപ്പിക്കുന്നത് ഏരിയ 51ലാണെന്ന് വ്യാപകമായി കഥകള്‍ പ്രചരിച്ചു. അമേരിക്ക പിടിച്ചുവച്ച പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു തിയറി അടിസ്ഥാനമാക്കി 2012 ല്‍ നാഷ്ണല്‍ ജിയോഗ്രഫിക് ചാനല്‍ ഒരു ഡോക്യൂമെന്ററി പ്രക്ഷേപണം ചെയ്തു. 80 ദശലക്ഷം അമേരിക്കകാര്‍ അന്യഗൃഹ ജീവികള്‍ യഥാര്‍ഥ്യമാണെന്നു വിശ്വസിക്കുന്നതായി ഡോക്യുമെന്ററിയിലൂടെ ജിയോഗ്രഫിക് ചാനല്‍ പറഞ്ഞു വച്ചു.
ഇത്തരം കഥകള്‍ വ്യാപകമായതോടെ ലോകമെമ്പാടുമുള്ള ഏലിയന്‍,യുഎഫ്ഒ പ്രേമികളുടെ ശ്രദ്ധ ഇവിടേക്കായി.റഷ്യയുമായി ശീതയുദ്ധം നില നിന്ന കാലത്താണ് ഏരിയ-51 കേന്ദ്രമാക്കിയുള്ള പരീക്ഷണങ്ങള്‍ അമേരിക്ക കൂടുതല്‍ ഊര്‍ജിതമാക്കിയത്. റഷ്യ മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിച്ചപ്പോള്‍ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിക്കുന്നത് തങ്ങളായിരിക്കുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. അതിന്റെ ഭാഗമായാണ് നീല്‍ ആംസ്ട്രോംങും എഡ്വിന്‍ ആള്‍ഡ്രിനും മൈക്കള്‍ കോളിന്‍സും ചന്ദ്രനിലെത്തുന്നത്. പിന്നാലെ പല വര്‍ഷങ്ങളിലായി ഒമ്പത് പേര്‍ കൂടി ചന്ദ്രനിലെത്തി. എന്നാല്‍ നാം കാണുന്ന ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളെല്ലാം ഏരിയാ-51ല്‍ പ്രത്യേകം തയ്യാറാക്കിയ സെറ്റില്‍ ചിത്രീകരിച്ചതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 1980നു ശേഷം ആരും ചന്ദ്രനിലേക്ക് പോയിട്ടില്ലെന്നതും വിമര്‍ശകരുടെ വാക്കിന് ബലമേകുന്നു. എന്തായാലും ഏരിയ-51 എന്ന രഹസ്യകേന്ദ്രത്തില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. ഏരിയാ-51ല്‍ അന്യഗ്രഹജീവികളുണ്ടെന്ന വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ലോകത്തെമ്പാടുമുണ്ട്.
യുഎസ് സൈന്യത്തിന്റെ രഹസ്യകേന്ദ്രമായ ഏരിയ 51 ലേക്ക് സെപ്തംബര്‍ 20ന് പുലര്‍ച്ചെ മൂന്നിന് മാര്‍ച്ച് ചെയ്യുമെന്ന ഫേസ്ബുക്കിലെ ഇവന്റാണ് വിവാദമായത്. ലക്ഷം പേരുടെ മാര്‍ച്ച് ഉന്നമിട്ട് നടത്തിയ പ്രഖ്യാപനത്തില്‍ 15 ലക്ഷത്തോളം പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ചു. പലരും തമാശയ്ക്കു വേണ്ടിയാണ് ഈ പ്രാങ്ക് ഇവന്റില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോയി. തമാശക്കളി വേണ്ടെന്ന് സൈന്യം കണ്ണുരുട്ടിയതോടെ സ്റ്റോം ഏരിയ 51 എന്ന പേജിന്റെ അഡ്മിന്‍ ക്ഷമാപണവുമായി രംഗത്തെത്തി. തമാശ ഒപ്പിച്ചതാണെന്ന് അഡ്മിന്‍ പറഞ്ഞൊഴിഞ്ഞുവെങ്കിലും സമൂഹമാധ്യമങ്ങള്‍ ഈ പ്രാങ്ക് ഇവന്റിനെ ആഘോഷമാക്കി. ഏരിയ 51ലേക്ക് ജനങ്ങള്‍ മാര്‍ച്ച് നടത്തിയാല്‍ സൈനികര്‍ തടയുമെന്ന് സൈനിക വക്താവ് ലോറ മാക് ആന്‍ഡ്രൂസ് പ്രഖ്യാപിച്ചതോടെ തമാശക്കളി കൈവിട്ട നിലയിലായി.
ഏരിയ 51 നുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഇപ്പോഴും പുറംലോകത്തിന് അവ്യക്തമാണ്. ഈ രഹസ്യമൂടുപടം ഈ സ്ഥലത്തെക്കുറിച്ച് അറിയാനുള്ള അടങ്ങാത്ത ആഗ്രഹം ജനങ്ങളിലുണ്ടാക്കാനിടയാക്കുന്നു. ഇവിടേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല. എഫ് 22 പോലുള്ള പോര്‍വിമാനങ്ങള്‍ മേഖലയില്‍ പലപ്പോഴായി പറക്കുന്നത് യഥാര്‍ഥത്തില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്നു കരുതുന്നവരുമുണ്ട്. ഏരിയ 51ല്‍ നിന്ന് പുറത്തുവരുന്ന പരീക്ഷണ എയര്‍ക്രാഫ്റ്റുകളാകാം പറക്കുംതളികകളെന്ന് പ്രതീതി ജനങ്ങളിലുണ്ടാക്കുന്നതെന്നും ചിലര്‍ പറയുന്നുണ്ട്.എന്നാല്‍ ഇതിലൊന്നും യാതൊരു വ്യക്തതയുമില്ലെന്നതാണ് വാസ്തവം.