മാട്രിമോണിയല്‍ സൈറ്റുകളില്‍ എന്‍ജിനീയറും ഡോക്ടറുമായി പ്രൊഫൈല്‍ സൃഷ്ടിച്ച് സമ്പന്നരായ യുവതികളെ വിവാഹം ചെയ്ത് പണം തട്ടിയിരുന്ന യുവാവ് അറസ്റ്റില്‍.
ബെംഗളൂരു ബനശങ്കരി സ്വദേശിയായ മഹേഷ് നായക് (35) എന്നയാളാണ് ശനിയാഴ്ച തുമക്കുരുവില്‍ പോലീസ് പിടിയിലായത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ വിവാഹം ചെയ്ത മൈസൂരു സ്വദേശിനിയും സോഫ്റ്റ്വെയര് എന്‍ജിനീയറുമായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ വ്യാജ പ്രൊഫൈല്‍ ചമച്ച് ഇയാള്‍ 15 യുവതികളെയാണ് വിവാഹം ചെയ്തത്.മൈസൂരു സിറ്റി പോലീസാണ് അറസ്റ്റ് ചെയ്തത്.
മാട്രിമോണിയല്‍ സൈറ്റുകളില്‍ എന്‍ജിനീയറും ഡോക്ടറുമായി പ്രൊഫൈല്‍ സൃഷ്ടിച്ചാണ് മഹേഷ് സ്ത്രീകളെ ചതിയില്‍പ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
പുതിയ ക്ലിനിക്ക് തുടങ്ങാനെന്ന പേരില്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചപ്പോഴാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പണവും ആഭരണങ്ങളും മഹേഷ് കവര്‍ന്നിരുന്നു.
ഡോക്ടറാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ തുമക്കുരുവില്‍ ഒരു വ്യാജക്ലിനിക്ക് ആരംഭിക്കുകയും ഇവിടെ ഒരു നഴ്സിനെ ജോലിക്ക് നിയോഗിക്കുകയും ചെയ്തു.
വിവാഹം ചെയ്ത നാലുപേരില്‍ ഇയാള്‍ക്ക് കുട്ടികളുണ്ടെന്നും പോലീസ് പറഞ്ഞു. സമാനമായ രീതിയില്‍ ഇയാള്‍ വഞ്ചിച്ച മറ്റൊരു യുവതികൂടി പോലീസിനെ സമീപിച്ചിട്ടുണ്ട്.
മഹേഷിന്റെ ഇംഗ്ലിഷ് മോശമാണെന്ന കാരണത്താല്‍ നിരവധിപ്പേര്‍ ഇയാളുമായുള്ള വിവാഹ ആലോചനയില്‍നിന്ന് പിന്മാറി.
ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍പ്പേര്‍ ഇയാളുടെ ചതിയില്‍പ്പെടാന്‍ സാധ്യതയുണ്ടായിരുന്നെന്നും പോലീസ് പറയുന്നു.
ഇയാള്‍ വിവാഹംചെയ്ത സ്ത്രീകളില്‍ മിക്കവരും ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും മികച്ച സാമ്പത്തിക ഭദ്രതയും ഉള്ളവരായിരുന്നു.
വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായാലും അപമാനഭാരമോര്‍ത്ത് പരാതിപ്പെടാന്‍ ആരും തയ്യാറായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.