തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 15കാരന് ആംബുലന്‍സുമായി കടന്നുകളഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം.
എട്ട് കിലോമീറ്റര്‍ ആംബുലന്‍സ് ഓടിച്ച കുട്ടിയെ ഒല്ലൂര്‍ ആനക്കല്ലില്‍ നിന്നാണ് പിടികൂടിയത്. ‘കനിവ്’ 108 ആംബുലന്‍സുമായാണ് കുട്ടി കടന്നത്.
ആശുപത്രിയിലെ തന്നെ ഒരു ജീവനക്കാരിയുടെ മകനാണ് കുട്ടി. ഇരിങ്ങാലക്കുട സ്വദേശിയാണ്. നാല് ദിവസമായി പയ്യന് ചികിത്സയിലായിരുന്നു.
ഇതിനിടയില്‍ ആശുപത്രി ജീവനക്കാരുടെ കണ്ണു വെട്ടിച്ച് പുറത്തുകടന്ന കുട്ടി ആംബുലന്‍സുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ആംബുലന്‍സില്‍ താക്കോല്‍ വച്ചശേഷം ഡ്രൈവര്‍ പുറത്തേക്ക് പോയ തക്കം നോക്കിയാണ് പയ്യന് വാഹനത്തിനുള്ളില്‍ കയറിക്കൂടിയത്. കിസാന്‍ സഭയുടെ മാര്‍ച്ച് നഗരത്തിലൂടെ പോകുമ്പോഴാണ് ആംബുലന്‍സുമായി റോഡിലുടെ പാഞ്ഞത്.
ആനക്കല്ലില്‍ എത്തിയപ്പോള്‍ ആംബുലന്‍സ് നിന്നുപോകുകയായിരുന്നു. ഈ സമയം കുട്ടി നാട്ടുകാരുടെ സഹായം തോന്നി.
സംശയം തോന്നിയ നാട്ടുകാര്‍ കുട്ടിയെ തടഞ്ഞുവച്ചു. ഇതിനകം ജിപിഎസ് വഴി ആംബുലന്‍സിന്റെ ലൊക്കേഷന്‍ മനസ്സിലാക്കി ഡ്രൈവര്‍മാര്‍ അവിടെ എത്തിയിരുന്നു.
ആംബുലന്‍സില്‍ താക്കോല്‍ വച്ചശേഷം ശുചിമുറിയില്‍ പോയതാണെന്നാണ് ഡ്രൈവറുടെ വാദം. എന്നാല്‍ ഇത് അധികൃതര്‍ വിശ്വാസത്തിലെടുത്തിട്ടില്ല.
ആംബുലന്‍സ് ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. സുരക്ഷാവീഴ്ചയുണ്ടായോ എന്ന് ആശുപത്രി സര്‍വീസ് കോര്പറേഷന് അന്വേഷണം നടത്തുന്നുണ്ട്. തൃശൂര്‍ ഈസ്റ്റ് പോലീസിനും ആശുപത്രി അധികൃതര്‍ പരാതി നല്കി.