കൊല്ലത്ത് 15കാരിയെ വാടകവീട്ടില്‍ ലൈംഗികചൂഷണത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പ്രതികളായ ദമ്പതികള്‍ ചിത്രങ്ങളും വിഡിയോകളും 500 മുതല്‍ 1500 രൂപ വരെ വിലയ്ക്കാണു വില്പന നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമിലെ സര്‍വീസ് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തായിരുന്നു വില്പന.
സാംനഗര്‍ കാഞ്ഞിരോട്ടുകുന്നുംപുറത്ത് വിഷ്ണു ഭവനില്‍ വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരെ ഇന്നലെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്വീറ്റിയെ 2022 ജൂലൈ 14ന് ചെങ്ങന്നൂരിലെ വീട്ടില്‍ നിന്നു വിഷ്ണു ഇറക്കിക്കൊണ്ടു വരികയായിരുന്നു.
വീട്ടുകാരുമായി അകല്‍ച്ചയിലായതിനാല്‍ വേറെ വഴിയില്ലാതെയാണു വിഷ്ണുവിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി വീഡിയോകള്‍ എടുത്തതെന്നാണു സ്വീറ്റിയുടെ വാദം.
വിഷ്ണു ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ചിത്രങ്ങളും വീഡിയോകളും അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്തതായി പോലീസിനു നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു ലഭിച്ച വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
15 വയസ്സുള്ള പെണ്‍കുട്ടി സുഹൃത്തിനോടു പറഞ്ഞ വിവരം അധ്യാപകരിലൂടെ അറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
വാടകവീടിനു സമീപത്തെ പെണ്‍കുട്ടിയെ വീട്ടില്‍ ട്യൂഷന് നല്‍കാനായെന്ന വ്യാജേന കൊണ്ടുവരുകയും പിന്നീടു നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വിഷ്ണു, ഭാര്യ സ്വീറ്റിയെ ഉപയോഗിച്ചാണു ചിത്രീകരിച്ചതെന്നു പോലീസ് വ്യക്തമാക്കി.
ഒട്ടേറെപ്പേര്‍ ചിത്രങ്ങളും വീഡിയോകളും വില നല്കി വാങ്ങിയതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ പോലീസിന്റെ സൈബര്‍ വിഭാഗം കൂടുതല്‍ അന്വേഷണം നടത്തും. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.