തന്റെ വിവാഹം മുടക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് 15കാരി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് നടക്കുന്ന പരാതി അദാലത്തില്‍ അമ്മാവന്റെ കൂടെയെത്തിയാണ് കുട്ടി പരാതി സമര്‍പ്പിച്ചത്. പരാതി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.
ടോങ്ക് ജില്ലയിലാണ് കുട്ടിയുടെ സ്വദേശം. അമ്മയുടെ മരണശേഷം 15 വയസ്സ് മാത്രം പ്രായമുള്ള തന്നെ പഠിക്കാന്‍ വിടാതെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് തന്റെ അച്ഛന്‍ എന്ന് കുട്ടി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. പരാതി കേട്ട മുഖ്യമന്ത്രി പഠിക്കാന്‍ എല്ലാ വിധ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് പെണ്‍കുട്ടിയ്ക്ക് ഉറപ്പും നല്‍കി.
കേരളത്തില്‍ ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്ക് സമാനമായ രീതിയിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി പരാതിക്കാരെ കാണുന്നത്. എല്ലാ ദിവസും തന്റെ വസതിയില്‍ വെച്ചാണ് ഇത് നടക്കുന്നത്. തിരഞ്ഞെടുത്ത പരാതിക്കാരുടെ പരാതി അതത് വകുപ്പുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഈ പരിപാടിക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു.