ഭോപ്പാലില്‍ പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
ഏഴംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരെ പോലീസ് പോക്സോ ചുമത്തി അറസ്്റ്റ് ചെയ്തിട്ടുണ്ട്.
സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. കൂട്ടബലാത്സംഗത്തിനിരയായെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 363, 366 (എ) പ്രകാരവും പോസ്‌കോയിലെ സെക്ഷന്‍ 11/12, 16/18 പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വിജനമായ സ്ഥലത്ത് ബോധരഹിതയായി കിടന്ന പെണ്‍കുട്ടിയെ പ്രദേശവാസികളാണ് കണ്ടെത്തിയത്. പിന്നാലെ നാട്ടുകാരെല്ലാം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചു.
മണിക്കൂറുകളോളം റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികാരികളുടെ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഉപരോധം അവസാനിപ്പിച്ചത്.
അതിജീവിത ഏഴുപേരുടെ പേര് പറഞ്ഞെങ്കിലും അഞ്ചുപേരെ മാത്രമേ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളുവെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മണ്‍ സിങ് ചൂണ്ടിക്കാട്ടി.
അതിജീവിതയ്ക്ക് ഈ സംഘം മയക്കുമരുന്ന് നല്‍കിയിരുന്നുവെന്നും പെണ്‍കുട്ടി വളരെ നേരം അബോധാവസ്ഥയില്‍ കിടന്നിരുന്നുവെന്നും എം.എല്‍.എ ആരോപിച്ചു.
മുന്‍ ബി.ജെ.പി എം.എല്‍.എ മംമ്ത മീനയും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് അനുശോചനം രേഖപ്പെടുത്തി.