അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ 15കാരിയുടെ കുടുംബം വമ്പിച്ച ആശുപത്രി ബില്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടില്‍.
ഇടുക്കി കട്ടപ്പന സ്വദേശിയായ പതിനഞ്ചുകാരി നേഹ റോസിന്റെ ഹൃദയവും ശ്വാസകോശവുമാണ് കഴിഞ്ഞ 15ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മാറ്റിവച്ചത്.
ഉള്ള സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയിട്ടും ആശുപത്രി ബില്ലില്‍ ബാക്കിയായ 20 ലക്ഷം രൂപ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ഓട്ടോഡ്രൈവറായ പിതാവ് തോമസ്.
ജന്മനാ ഹൃദയപേശികള്‍ക്ക് ബലക്ഷയമുള്ള ഡിലേറ്റഡ് കാര്‍ഡിയോ മയോപ്പതിയെന്ന രോഗമാണ് നേഹ റോസിന്.
കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണു ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കുന്നതിനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്.
40 ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സ ഓട്ടോ ഡ്രൈവറായ തോമസിനു മുന്നില്‍ വന്‍ വെല്ലുവിളിയായപ്പോള്‍ നന്മ വറ്റാത്ത നിരവധി പേര് മുന്നോട്ടുവന്നു. അനുയോജ്യമായ ഹൃദയവും ശ്വാസകോശവും കാത്തിരിക്കുന്നതിനിടെ നേഹയുടെ ആരോഗ്യം വഷളായി.
ജീവന് നിലനിര്‍ത്താനായി ദിവസം ഒന്നരമുതല്‍ രണ്ടുലക്ഷം ചെലവ് വരുന്ന എക്മോ മെഷീനിലേക്ക് നേഹയെ മാറ്റിയതോടെ സ്വരുക്കൂട്ടിയിരുന്ന പണമെല്ലാം തീര്‍ന്നു.
അതിനിടയ്ക്ക് കഴിഞ്ഞ 15ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 82 ലക്ഷം രൂപയാണ് ഇതുവരെയുള്ള ആശുപത്രി ബില്ല്.
താമസിക്കുന്ന വീടും പുരയിടവും അടക്കം വില്ക്കാന് പറ്റുന്നതെല്ലാം വിറ്റുപെറുക്കി തോമസ് 62 ലക്ഷം രൂപ കണ്ടെത്തി.
നിലവിലെ ബില്ലിനപ്പുറം തുടര്‍ചികിത്സയ്ക്കും വന്‍തുക കണ്ടെത്തണം. കരുണ വറ്റിയിട്ടില്ലാത്ത പ്രേക്ഷകരിലാണ് തോമസിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ.
ഈ പ്രതിസന്ധികളെ അസാധാരണ ധൈര്യത്തോടെ നേരിടുന്ന നേഹ വൈകാതെ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.