ബംഗ്ലാദേശില്‍ നിന്നുള്ള 15കാരിയെ ചതിച്ച് ദുബായില്‍ എത്തിക്കുകയും മസാജ് സെന്ററില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ 36 വയസുള്ള ബംഗ്ലാദേശി പൗരന്് ശിക്ഷ വിധിച്ച ദുബായ് പ്രാഥമിക കോടതി. എട്ടുവര്‍ഷം തടവാണ് കോടതി ശിക്ഷയായി വിധിച്ചത്.
ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തും. സോഡയില്‍ മദ്യം കലര്‍ത്തി പെണ്‍കുട്ടിക്ക് നല്‍കിയാണ് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുടെ അമ്മായി ആണ് കുട്ടിയെ യുഎഇയില്‍ കൊണ്ടുവന്നത്.
തുടര്‍ന്ന് മസാജ് സെന്ററില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കില്‍ വീട്ടുതടങ്കലില്‍ ഇടുമെന്നും തിരികെ നാട്ടിലേക്ക് പറഞ്ഞുവിടുമെന്നും അമ്മായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
‘പ്രതിയായ വ്യക്തിയെ അമ്മായി ആണ് പരിചയപ്പെടുത്തിയത്. അയാള്‍ക്ക് എന്നോട് സ്നേഹമാണെന്ന് പറഞ്ഞു. എന്നാല്‍ അയാളുമായി ബന്ധത്തിന് എനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ, എന്നെ നിര്‍ബന്ധിച്ച് ഒരു നിശാക്ലബിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് എനിക്കൊരു സോഡ തന്നു. അതില്‍ മദ്യം ചേര്‍ത്തിരുന്നുവെന്ന് അറിയില്ലായിരുന്നു. സോഡ കഴിച്ച ശേഷം എനിക്ക് ബാലന്‍സ് നഷ്ടമാകാന്‍ തുടങ്ങി. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓര്‍മയില്ല. പിന്നീട് ഞാന്‍ എണിക്കുമ്പോള്‍ അയാളുടെ മുറിയിലാണ്’ ഇരയായ പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞു.
പിന്നീടാണ് 36കാരനായ ബംഗ്ലാദേശ് പൗരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്നും ഇയാളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പഠിക്കാന്‍ ആവശ്യമായ പണം അയാള്‍ നല്‍കുമെന്നും അമ്മായി പറഞ്ഞു.
ഒരു മാസത്തിനുശേഷം അമ്മായിയെ പെണ്‍വാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ സമയത്താണ് ഇരയായ പെണ്‍കുട്ടി പ്രതിയില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതിയായ ബംഗ്ലദേശ് പൗരന് തന്നെ മസാജ് സെന്ററില്‍ ഉപയോഗിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. അയാള്‍ ഭക്ഷണവും വെള്ളവും നല്‍കാതെ കഷ്ടപ്പെടുത്തി. ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
അമ്മായി ജയിലില്‍ ആയ ശേഷം 2019 ഓഗസ്റ്റില്‍ പ്രതി പെണ്‍കുട്ടിയെയും കൊണ്ട് മറ്റൊരു മസാജ് സെന്ററിലേക്ക് പോയി. ഇവിടെ വച്ച് സ്വദേശിയായ ഒരു യുവതിയെ പെണ്‍കുട്ടി പരിചയപ്പെട്ടു. തന്റെ ശരീരത്തിലെ മുറിവുകള്‍ കാണിച്ചു കൊടുക്കുകയും കാര്യങ്ങള്‍ പറയുകയും ചെയ്തു.
ആ യുവതിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടാന്‍ സഹായിച്ചത്. അല്‍ ഖ്വയ്സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് എത്തി രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ദുബായ് പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.