അലിഗഡ്: രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിവധം പുനരാവിഷ്കരിച്ച സംഭവത്തിൽ ഹിന്ദു മഹാസഭാ നേതാവ് ഉൾപ്പെടെ 13 പേർക്കെതിരേ പോലീസ് കേസെടുത്തു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബാക്കിയുള്ളവരിൽ ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. ഇവർക്കായി ഇന്നലെ റെയ്ഡ് നടത്തിയെന്നും പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ അലിഗഡിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം റിപ്പോർട്ട് ചെയ്തത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിൽ ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡേയാണ് ഗാന്ധിവധം പുനരാവിഷ്കരിച്ചത്.
ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു അവർ ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ടൈംസ് നൗ പുറത്തുവിട്ടു. വെടിയേറ്റ് ഗാന്ധിയുടെ പ്രതിരൂപത്തിൽ നിന്ന് രക്തം വരുന്നുവെന്ന രീതിയിൽ ചുവന്ന ചായം താഴേക്ക് ഒഴുകുന്നതും ദൃശ്യങ്ങളിൽ കാണാം.
ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ പൂജ ശകുൻ പാണ്ഡെ ഇതിന് ശേഷം മാല അണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവർത്തകർക്കൊപ്പം മധുരം പങ്കിട്ടാണ് ഗാന്ധിവധം ഇവർ ആഘോഷമാക്കിയത്.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഹിന്ദു മഹാസഭാ പ്രവർത്തകർ മധുരം വിതരണം ചെയ്യുകയും ഗോഡ്സെ പ്രതിമയിൽ മാല അണിയിക്കുകയും ചെയ്യുന്നത് പതിവാണ്. ഗോഡ്സെയ്ക്ക് മുന്പ് ജനിച്ചിരുന്നെങ്കിൽ ഗാന്ധിജിയെ താൻ കൊല്ലുമായിരുന്നെന്ന പൂജ ശകുൻ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.
രാജ്യത്ത് ഇനി ആരെങ്കിലും ഗാന്ധിജിയെ പോലെ ആവാൻ ശ്രമിച്ചാൽ അവരെ താൻ കൊല്ലുമെന്നും പാണ്ഡെ പറഞ്ഞിരുന്നു. ഇന്ത്യാ വിഭജനത്തിനും പാകിസ്താന്റെ പിറവിക്കും കാരണക്കാരൻ ഗാന്ധിയാണെന്നാണ് ഹിന്ദു മഹാസഭ വിശ്വസിക്കുന്നത്.