സത്ന: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ആറു വയസുകാരായ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടു പോയി വധിച്ചതിന്റെ പിന്നിൽ ബജ്റംഗ്ദൾ പ്രാദേശിക നേതാവായ വിഷ്ണുകാന്ത് ശുക്ലയാണെന്ന് പോലീസ്. വിഷ്ണുകാന്ത് ശുക്ല കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഇയാളുടെ സഹോദരൻ പദം ശുക്ലയാണ് മുഖ്യപ്രതിയെന്നും പോലീസ് പറഞ്ഞു. പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രാമ രാജ്യം എന്ന് നന്പർ പ്ലേറ്റിൽ എഴുതിയ ബൈക്കുകളും ബിജെപിയുടെ പതാക കെട്ടിയിരുന്ന ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എണ്ണ വ്യാപാരി ബ്രിജേഷ് റാവത്തിന്റെ കുട്ടികളെയാണു ചിത്രകൂടിൽനിന്നു രണ്ടംഗ മുഖംമൂടി സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്.കിന്റർ ഗാർട്ടൻ വിദ്യാർഥികളായ കുട്ടികൾ സ്കൂൾബസിൽ വീട്ടിലേക്കു വരുന്പോഴാണു തട്ടിക്കൊണ്ടുപോയത്.
ഫെബ്രുവരി 12നായിരുന്നു സംഭവം. അക്രമിസംഘം ബ്രിജേഷ് റാവത്തിനെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. രണ്ടു കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ചിത്രകൂട്, മധ്യപ്രദേശ്-യുപി അതിർത്തിയിലായതിനാൽ ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സംയുക്താന്വേഷണമാണു നടത്തിയത്. വിവരം നൽകുന്നവർക്ക് മധ്യപ്രദേശ് പോലീസ് 50,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു.
19 ന് ബ്രിജേഷ് മോചനദ്രവ്യമായി 20 ലക്ഷം രൂപ അക്രമികൾക്കു കൈമാറി. എന്നാൽ കുട്ടികളെ ഇവർ വിട്ടുനൽകിയില്ല. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിലായി. പോലീസ് ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
വഴിയാത്രക്കാരുടെ ഫോണുകളായിരുന്നു ഇവർ ബ്രിജേഷ് റാവത്തിനെ വിളിക്കാൻ ഉപയോഗിച്ചിരുന്നത്. ഒരു വഴിയാത്രക്കാരൻ പകർത്തിയ അക്രമികളുടെ ബൈക്കിന്റെ ചിത്രമാണ് പ്രതികളിലേക്ക് പോലീസ് എത്താൻ സഹായിച്ചത്. ഇവരിൽ നിന്നു ലഭിച്ച വിവരം അനുസരിച്ചുനടത്തിയ തെരച്ചിൽ യുപിയിലെ ബന്ദ ജില്ലയിൽ യമുനാ നദിയിൽ നിന്നാണ് ു മൃതദേഹങ്ങൾ ലഭിച്ചത്.
കൈകാലുകൾ ബന്ധിച്ച ശേഷം കുട്ടികളെ പുഴയിൽ എറിയുകയായിരുന്നുവെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു. അക്രമികളെ കുട്ടികൾ തിരിച്ചറിഞ്ഞതാണ് കൊലപ്പെടുത്താൻ കാരണമെന്നാണു സൂചന. കുട്ടികൾക്ക് മരുന്ന് നൽകി മയക്കിയാണ് തടങ്കലിൽ പാർപ്പിച്ചിരുന്നത്.
കുട്ടികളുടെ വീട്ടിൽനിന്നു സ്കൂളിലേക്കു നാലു കിലോമീറ്ററേ ഉള്ളുവെങ്കിലും വീട് യുപിയിലും സ്കൂൾ മധ്യപ്രദേശിലുമാണ്.കൊലപാതകവിവരമറിഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം കുട്ടികൾ പഠിച്ചിരുന്ന സത്ഗുരു പബ്ലിക് സ്കൂളും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചു.