ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ. പക്ഷിപ്പനി ഒരു വൈറസ് രോഗമാണ്.
പക്ഷികളില്‍നിന്നു പക്ഷികളിലേക്കാണ് പകരാറുളളത്. എന്നാല്‍, ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കും പകർന്നേക്കാം. മനുഷ്യരിൽ രോഗം വന്നാല്‍ ഗുരുതരമായേക്കാം.
കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ടവർ
രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍,
പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിച്ചവര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുളള പ്രതിരോധ മാർഗം സ്വീകരിക്കുകയും പ്രതിരോധ ഗുളിക കഴിക്കുകയും വേണം.
രോഗബാധയുണ്ടെന്നു സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുകയും വേണം.
രോഗ ലക്ഷണങ്ങൾ
ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യണം.
ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍.
രോഗപകര്‍ച്ചയ്ക്കു സാധ്യതയുളള സാഹചര്യത്തിലുളളവര്‍ പനി, ജലദോഷം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരെയോ സമീപിക്കണം.
ഹരിപ്പാട്ട് 15,694 താറാവുകളെ കൊന്നു
ഹരിപ്പാട്: പക്ഷിപ്പനി ഭീതിയിലായ ഹരിപ്പാട് വഴുതാനം കരിയിലി പാടശേഖരത്ത് 15694 താറാവുകളെ നശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെയാണ് കൊന്നത്.
ഈ പ്രദേശത്തെ പക്ഷികളെയും കൊന്നൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പള്ളിപ്പാട് പഞ്ചായത്തിലെ കർഷകനായ അച്ഛൻകുഞ്ഞിന്റെ 7619 തുളസിയുടെ 8075 എന്നിവരുടെ താറാവുകളെ കൊന്നത്.
മൃഗസംരക്ഷണവകുപ്പിന്റെ എട്ട് ദ്രുതകർമസേന സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു നടപടി. ഒരു വെറ്ററിനറി ഡോക്ടർ, മൂന്ന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, ഒരു സഹായി എന്നിവർ ഉൾപ്പെടെ അഞ്ചു പേരാണ് ഒരു സംഘത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് താറാവുകൾക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് താറാവുകളെ കൊല്ലാൻ തീരുമാനിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി.
ഹരിപ്പാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് നിരോധനം ബാധകം. നഗരസഭാ പരിധിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും 30 വരെ നിരോധിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഡോ. ബിന്ദു, ഡോ. സന്തോഷ്കുമാർ, ഡോ. വിനയകുമാർ, ഡോ. അംബിക, ഡോ. കണ്ണൻ, ഡോ.വൈശാഖ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.