ബംഗുളൂരു: മൈസൂർ രാജഭരണകാലത്തെ സ്വത്തുക്കൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മൈക്കിൾ ഫ്ലോയിഡ് ഈശ്വർ എന്ന വിദേശപൗരന്റെ കേരളത്തിലേയും കർണ്ണാടകയിലേയും 117.87 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
ബംഗൂളൂരുവിലെ കുറ്റാന്വേഷണ വിഭാഗമാണ് വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. മൈസൂർ രാജാവിന്റെ കാലത്ത് മൃഗരൂപങ്ങൾ ഉണ്ടാക്കുന്ന പ്രശസ്തനായ കലാകാരൻ എഡ്വിൻ ജുബർട്ട് വാൻ ഇംഗൻ പേരിലുള്ളതായിരുന്നു സ്വത്തുക്കൾ.
മൃഗരൂപങ്ങളും വിലപിടിപ്പുള്ള ഫർണിച്ചറുകളും മൈസൂരിൽ കോടികൾ വിലമതിക്കുന്ന ബംഗ്ലാവും വയനാട്ടിലെ കാപ്പിത്തോട്ടങ്ങളുമടക്കമാണ് മൈക്കിൾ ഫ്ലോയിഡ് ഈശ്വർ വ്യാജരേഖയുണ്ടാക്കി പേരിലാക്കിത്. വാൻ ഇംഗൻ മരിച്ചതായുള്ള രേഖകൾ മൈക്കിൾ തയാറാക്കി. തുടർന്ന് വാൻ ഇംഗന്റെ ദത്തുപുത്രനെന്ന പേരിലാണ് മൈക്കിൾ വസ്തുക്കൾ തന്റെ പേരിലാക്കി തട്ടിയെടുത്തതും. എന്നാൽ 2013 ജനുവരി ഒന്നിന് ഇതുമായി ബന്ധപ്പെട്ട് ഇ.ജെ. വാൻ ഇംഗൻ പോലീസിൽ പരാതി നൽകി.
പിറ്റേദിവസം വാൻ ഇംഗനെ അദേഹത്തിന്റെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. സാന്പത്തിക കുറ്റകൃത്യം ഉൾപ്പെട്ടിട്ടുള്ളതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിച്ചിരുന്നു.