കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത മകളെയും തന്റെ കുടുംബത്തെയും കബളിപ്പിച്ചു മാൻവെട്ടം സ്വദേശിയും കുടുംബവും 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കടുത്തുരുത്തി സ്വദേശിനിയായ വീട്ടമ്മയാണ് പോലീസിൽ പരാതി നൽകിയത്.
സംഭവത്തെക്കുറിച്ചു തട്ടിപ്പിനിരയായ വീട്ടുകാർ പറയുന്നത് ഇങ്ങനെ: പരാതിക്കാരിയുടെ മകൾ പ്ലസ് വണ്ണിനു പഠിക്കുന്പോഴാണ് തട്ടിപ്പ് നടക്കുന്നത്.
പണം തട്ടിയെടുത്തയാളുടെ മകളും ഇതേ സ്കൂളിൽ തട്ടിപ്പിനിരയായ പെണ്‍കുട്ടിക്കൊപ്പമാണ് പഠിച്ചിരുന്നത്.
തന്റെ മകളുമായുള്ള സൗഹൃദം മുതലെടുത്തു മാൻവെട്ടം സ്വദേശിയുടെ മകളാണ് തട്ടിപ്പിനു തുടക്കമിട്ടത്. പെണ്‍കുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്തു സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തുമെന്നു പറഞ്ഞാണ് ആദ്യം ഭീഷണി ആരംഭിച്ചത്.
മറ്റാരുടെയോ പേരുപറഞ്ഞായിരുന്നു മാൻവെട്ടം സ്വദേശിയുടെ മകളുടെ ഭീഷണിപ്പെടുത്തൽ. തുടർന്ന് ഭീഷണി മുഴക്കിയവരെ ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് മാൻവെട്ടം സ്വദേശിയും മകളും ആവശ്യപ്പെട്ടു.
പിന്നീട് ഇതു ചെയ്തവരെ പിടികൂടാനെന്ന പേരിൽ തട്ടിപ്പിനിരയായ പെണ്‍കുട്ടിയെയും വീട്ടുകാരെയും വിളിച്ചുകൊണ്ടു പല സ്ഥലങ്ങളിലേക്കും പോയി.
ഇങ്ങനെ പ്രതികളെ പിടികൂടാനെന്ന പേരിൽ പോയ യാത്രയ്ക്കിടെ രണ്ടു പെണ്‍കുട്ടികളും കുടിച്ച കുപ്പിവെള്ളത്തിൽ വിഷം കലർന്നിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടു പരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
അവരുടെ നിർബന്ധത്തിനു വഴങ്ങി മകളുടെ രക്തം പരിശോധനയ്ക്കായി എടുത്തു നൽകി.
മാൻവെട്ടം സ്വദേശിയുടെ പരിചയത്തിലുള്ള ഡോക്ടറാണ് പരിശോധിച്ചത്. ആ പരിശോധനയിൽ മാൻവെട്ടം സ്വദേശിയുടെ മകളുടെ രക്തത്തിൽ വലിയ അളവിൽ വിഷം കലർന്നിരുന്നുവെന്നു കണ്ടെത്തിയതായി വീട്ടമ്മയോടും കുടുംബത്തോടും പറഞ്ഞു.
ഇതിന്റെ ചികിത്സയ്ക്കായി വൻതുക വേണ്ടി വരുമെന്നും പറഞ്ഞു പണം ആവശ്യപ്പെട്ടു. പിന്നീട് ഗുണ്ടകൾ തങ്ങളുടെ കുടുംബത്തെ ആക്രമിക്കുമെന്നും മകളെ തട്ടിക്കൊണ്ടു പോകുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയാണെന്നും അവരെ ഒഴിവാക്കാനും പണം വേണമെന്നും ആവശ്യപ്പെട്ടു.
ഇങ്ങനെ പല പല ആവശ്യങ്ങൾ ഉന്നയിച്ചു 14.90 ലക്ഷം രൂപ പലപ്പോഴായി മാൻവെട്ടം സ്വദേശിയും കുടുംബവും വാങ്ങിച്ചെടുത്തുവെന്നാണ് പരാതിയിലുള്ളത്.
ഈ സംഭവങ്ങളെല്ലാം കാരണം മകളുടെ പഠനം മുടങ്ങിയെന്നും കുടുംബത്തിന്റെ സന്പത്തും ഉപജീവനമാർഗങ്ങളും ഇല്ലാതായെന്നും പരാതിയിൽ പറയുന്നു.
ഏപ്രിൽ 24ന് സൈബർ സെല്ലിലാണ് ഇവർ ആദ്യം പരാതി നൽകുന്നത്. വീട്ടമ്മയുടെ പരാതി സംബന്ധിച്ചു പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി കടുത്തുരുത്തി എസ്ഐ വിബിൻ ചന്ദ്രൻ അറിയിച്ചു.