ന്യൂഡൽഹി: നോട്ടു നിരോധനത്തിനു ശേഷം ഡൽഹിയിലെ ബാങ്കിൽ നിക്ഷേപിച്ച 15.93 കോടി ബിനാമി നിക്ഷേമായി പ്രഖ്യാപിച്ചു. പ്രത്യേക കോടതിയാണ് നിക്ഷേപം ബിനാമി സ്വത്തായി പ്രഖ്യാപിച്ചത്. നിക്ഷേപകനെയോ ഇതിന്റെ ഗുണഭോക്താവിനെയോ കണ്ടെത്താനായില്ല. ബിനാമി വിരുദ്ധ നിയമം കൊണ്ടു വന്നതിന് ശേഷം ഇത്തരത്തിൽ രാജ്യത്തു തന്നെ പിടികൂടുന്ന ആദ്യത്തെ കേസാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ഡൽഹിയിലെ നയന ബസാർ സ്വദേശി രമേഷ് ചന്ദ് ശർമയുടെ പേരിലുള്ളതാണ് നിക്ഷേപം. നോട്ടു നിരോധനത്തിനുള്ള ശേഷമുള്ള കള്ളപ്പണ നിക്ഷേപം കണ്ടെ ത്താനുള്ള അന്വേഷണങ്ങൾക്കിടെയാണ് ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽ ഈ നിക്ഷേപം പെട്ടത്. ഡൽഹി കെജി മാർഗിലെ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ബ്രാഞ്ചിലായിരുന്നു നിക്ഷേപം. നോട്ടു നിരോധനത്തിന് ശേഷം 2016 ഡിസംബറിൽ ശർമ ഈ അക്കൗണ്ടിൽ 15,93,39,136 കോടിയുടെ പഴയ നോട്ടുകൾ മൂന്നു വ്യാജ സ്ഥാപനങ്ങളുടെ പേരിൽ നിക്ഷേപിച്ചു എന്നാണു കണ്ടെത്തിയിരിക്കുന്നത്.
പണം നിക്ഷേപച്ചിതിനു പിന്നാലെ മറ്റു ചില വ്യക്തികളുടെ പേരിൽ ഈ നിക്ഷേപത്തിൽ നിന്നു ഡിമാന്റ് ഡ്രാഫ്റ്റുകൾ നൽകിയത് ശ്രദ്ധയിൽ പെട്ടതാണ് സംശയത്തിനിടയാക്കിയത്. ഡിഡികൾ നികുതി വകുപ്പ് മരവിപ്പിച്ചു. തുടർന്നാണ് ബിനാമി നിക്ഷേപമായി ഇതിനെ പ്രഖ്യാപിച്ചത്. രമേഷ് ചന്ദ് ശർമ മറ്റാർക്കോ വേണ്ടി ബിനാമി നിക്ഷേപം നടത്തുകയായിരുന്നു. ശർമയേയും ഇതുവരെ പിടികൂടാനായിട്ടില്ല.