കടുത്തുരുത്തി: കുവൈറ്റിൽ മലയാളികളുടെ കൈയ്യിൽ നിന്നും മൂന്ന് കോടി രൂപയോളം തട്ടിയെടുത്ത് നാട്ടിലെത്തിയ യുവാവിനെതിരേ തട്ടിപ്പിനിരയായവരുടെ പരാതിയിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.
ഞീഴൂർ സ്വദേശി കാപ്പിൽ ജിൻസ് ജയിംസിനെതിരേയാണ് കേസെടുത്തത്. തട്ടിപ്പിനിരയായ ഒന്പതോളം ആളുകൾ ഇതുസംബന്ധിച്ചു കോട്ടയം എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ജിൻസ് നടത്തുന്ന ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞും കടമായിട്ടുമാണ് ലക്ഷക്കണക്കിന് രൂപ വീതം പലരോടും വാങ്ങിയതെന്നാണ് പരാതിക്കാർ പറയുന്നത്. കുവൈറ്റിൽ ബിസിനസുകൾ നടത്തിയിരുന്ന ജിൻസ്, സ്ഥാപനങ്ങൾ ആരുമറിയാതെ വിറ്റ ശേഷം നാട്ടിലേക്ക് മുങ്ങുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു.
പറഞ്ഞിരുന്നതനുസരിച്ചു മെയ് മാസത്തിൽ പണം തിരികെ വാങ്ങാൻ ജിൻസ് കുവൈറ്റിൽ താമസിച്ചിരുന്ന ഫ്ളാറ്റിൽ ചെന്നപ്പോഴാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയെന്ന് പണം നഷ്ടപെട്ടവർ അറിയുന്നത്. സാന്പത്തിക കുറ്റത്തിന് കുവൈറ്റിൽ പരാതി ഉണ്ടായതോടെ പോലീസ് തിരക്കിയെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന സഹോദരനും നാട്ടിലേക്ക് തിരികെ പോയതായി പരാതിക്കാർ പറഞ്ഞു. കോട്ടയം, എറണാകുളം ഭാഗത്തുള്ള നിരവധി ആളുകളുടെ പണം നഷ്ടപെട്ടതായി പറയുന്നു.
പത്ത് വർഷക്കാലമായി കുവൈറ്റിൽ നഴ്സായി ജോലി ചെയ്തിരുന്ന ജിൻസ് മലയാളികൾ തിങ്ങിപാർക്കുന്ന മംഗഫിലാണ് ബിസിനസ് ആരംഭിച്ചത്. തുടർന്ന് പലരുടെ കൈയ്യിൽ നിന്നും വൻതുകകൾ വായ്പയായി വാങ്ങുകയായിരുന്നുവെന്ന് പരാതിക്കാർ പറഞ്ഞു. പ്രവാസികൾ ചേർന്ന് നടത്തുന്ന ചിട്ടി ഇടപാടിൽ മെന്പർഷിപ്പ് എടുത്തു ആദ്യഗഡു അടച്ച ശേഷം ചിട്ടി പിടിക്കുകയും പിന്നീട് പണം അടയ്ക്കാതെ മുങ്ങുകയായിരുന്നുവെന്നും തട്ടിപ്പിനിരയായവർ പറയുന്നു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ജിൻസ് ആഡംബര വീടുകളും രണ്ട് കാറുകളും വാങ്ങിയതായും പരാതിയിൽ പറയുന്നു. പണം കിട്ടാനുള്ളവർ നാട്ടിലെ ജിൻസിന്റെ വീട്ടിലെത്തിയപ്പോൾ, ഇവരോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.
തുടർന്ന് പണം കിട്ടാനുള്ളവരുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജിൻസിന്റെ ഞീഴൂരിലുള്ള വീടിന് മുന്നിൽ തടിച്ചു കൂടുകയും സംഘർഷത്തിലേക്കു എത്തുകയും ചെയ്തതോടെ കടുത്തുരുത്തി പോലീസ് എത്തി പരാതിക്കാരെ അനുനയിപ്പിച്ചു മടക്കി അയക്കുകയായിരുന്നു.
പണം കിട്ടാനുള്ളവർ വീട്ടിലെത്തുന്ന വിവരം അറിഞ്ഞു ജിൻസ് സ്ഥലം വിട്ടതായി പറയുന്നു. ജിൻസിന്റെ ഭാര്യയും സഹോദരനും തട്ടിപ്പിൽ പങ്കാളിയാണെന്നും പരാതിക്കാർ പറയുന്നു. കുവൈറ്റിലെ പല ബാങ്കുകളിൽ നിന്നായി വൻതുക വായ്പ എടുത്തുട്ടുണ്ടെന്നും ഇവർ നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.